Authored by Web Desk | Last updated: 24 Nov 2020, 5:36 PM | 4 min read
''രോഗം ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും പ്രത്യേകിച്ച് സ്തനങ്ങള്‍ നഷ്ടമാകാതെതന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. വൈദ്യശാസ്ത്രം അത്രമേല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്''
ആധുനിക കാലഘട്ടത്തില്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ ചികിത്സകൊണ്ട് ഭേദമാക്കാവുന്ന രോഗങ്ങളുടെ ഗണത്തിലാണ് ഇന്ന് സ്തനാര്‍ബുദം. രോഗം ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും പ്രത്യേകിച്ച് സ്തനങ്ങള്‍ നഷ്ടമാകാതെതന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. വൈദ്യശാസ്ത്രം അത്രമേല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
പ്രായം പ്രധാന ഘടകം
പ്രായത്തിന് അനുസരിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നു. 20 നും 30 ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 1900 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുള്ളപ്പോള്‍ 30 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ 200 ല്‍ ഒരാള്‍ക്കാണ് രോഗസാധ്യത. 50 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 23 ഒരാള്‍ക്കും സ്തനാര്‍ബുദ സാധ്യത കാണുന്നു. 60 നും 70 ഇടയില്‍ പ്രായമുള്ളവരില്‍ 15 ഒരാള്‍ക്കാണ് സാധ്യത. ഈ കണക്കുകള്‍ അനുസരിച്ച് ആഗോള ശരാശരിയില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് സ്തനാര്‍ബുദം കണ്ടുവരുന്നത്.
ഇന്ത്യയിലെ കണക്കുകള്‍ അനുസരിച്ച് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്് 35 മുതല്‍ 40 ശതമാനം വരെ സ്തനാര്‍ബുദ സാധ്യതയുണ്ട്. 30 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് വെറും മൂന്നു ശതമാനം മാത്രമേ സാധ്യതയുള്ളൂ.
സ്തനാര്‍ബുദത്തിനുള്ള കാരണങ്ങള്‍
പല ഘടകങ്ങള്‍ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് സ്തനാര്‍ബുദം ഉണ്ടാവുക. പ്രായം ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഗര്‍ഭധാരണവും മുലയൂട്ടലും, മുപ്പത് വയസിന് മുന്‍പ് ആദ്യ പ്രസവം നടക്കുന്നതും കൂടുതല്‍ കുട്ടികളുണ്ടാകുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. കൂടുതല്‍ കാലം മുലയൂട്ടുന്നതും സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. ജനിതക ഘടകനയും പാരമ്പര്യവും ചുരുക്കം ചല അവസരങ്ങളില്‍ സ്തനാര്‍ബുദത്തിന് കാരണമായി കണ്ടുവരുന്നു. ഇത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് സ്തനാര്‍ബുദം ഉണ്ടായാല്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. അതല്ലാതെ എല്ലാ സ്തനാര്‍ബുദ രോഗികളിലും പാരമ്പര്യം ഘടകമല്ല.
ആര്‍ത്തവചക്രം സ്തനാര്‍ബുദ നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ആര്‍ത്തവം ആരംഭിക്കുന്നത് നേരത്തേയാകുന്നതും (10 വയസിന് മുന്‍പ്) വൈകിയുള്ള ആര്‍ത്തവവിരാമവും (55 വയസിനു ശേഷം) സ്തനാര്‍ബുദ സധ്യത വര്‍ധിപ്പിക്കുന്നു.
ഭക്ഷണ രീതിയും ശരീര ഘടനയും
അമിത വണ്ണം, കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം, സസ്യാഹാരങ്ങളുടെ കുറവ്, വ്യായാമക്കുറവ് തുടങ്ങിയവ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ കാരണങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലുള്ളതാണ്. അതായത് നമുക്കുതന്നെ ഇതില്‍ മാറ്റം വരുത്താവുന്നതാണ്. ചില പ്രത്യേക വംശ വര്‍ഗ സമുദായത്തില്‍ പെട്ടവര്‍ക്ക് സ്തനാര്‍ബുദ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നത് അവരുടെ ഭക്ഷണരീതിയും ജീരിതശൈലിയും അനുസരിച്ചാണ്. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ അളവ് കൂടുന്നതും ഫാസ്റ്റ് ഫുഡ് സംസ്കാരവും സ്തനാര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു.
സാധാരണ ലക്ഷണങ്ങള്‍
1. സ്തനത്തില്‍ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകള്‍ അല്ലെങ്കില്‍ കല്ലിപ്പ്.
2. സ്തനത്തിന് മൊത്തമായുണ്ടാകുന്ന വലിപ്പ വ്യത്യാസം. ചര്‍മ്മത്തില്‍ തടിപ്പോ, നീര്‍ക്കെട്ടോ ഉണ്ടാകുക.
3. കക്ഷത്തില്‍ കാണപ്പെടുന്ന മുഴകള്‍.
4. മുലക്കണ്ണില്‍ നിന്നും രക്തം കലര്‍ന്ന സ്രവം?
5. മുലക്കണ്ണിനു ചുറ്റും ചര്‍മ്മം ഇളകിപോകുക.
6. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞുപോകുക.
സ്വയം പരിശോധന, മാമോഗ്രാഫി, ക്ലിനിക്കല്‍ പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ സ്തനാര്‍ബുദം സ്ഥിരീകരിക്കാം.
സ്വയം പരിശോധന
നല്ലൊരു ശതമാനം സ്തനാര്‍ബുദവും സ്വയം പരിശോധനയിലൂടെ സ്ത്രീകള്‍ തന്നെയാണ് കണ്ടുപിടിക്കുന്നത്. സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം കണ്ടുപിടിക്കുക എന്നതാണ് സ്വയം സ്തനപരിശോധനയുടെ കാതല്‍. സ്വയം സ്തനങ്ങളുടെ ഘടന മനസിലാക്കുകയെന്നതാണ് ആദ്യ പടി. സ്വയം മാറ്റങ്ങള്‍ സംഭവിക്കുന്ന അവയവമാണ് സ്തനങ്ങള്‍.
ആര്‍ത്തവചക്രത്തിലെ ഒരോ ദിവസവും സ്തനങ്ങള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതിനാല്‍ സ്തനപരിശോധനയ്ക്കായി മാസത്തിലെ ഏതെങ്കിലും ഒരു ദിവസം കൃത്യമായി തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ആര്‍ത്തവത്തിന് ശേഷം 7 നും 10 നും ഇടയിലുള്ള ദിവസമാണ് അഭികാമ്യം. കാരണം സ്തനങ്ങള്‍ ഏറ്റവും മൃദുലമാകുന്നത് ഈ സമയത്താണ്.
സ്തന നിരീക്ഷണം
കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ടുവേണം ഇതു ചെയ്യുവാന്‍. കൈകള്‍ രണ്ടും ശരീരത്തോട് ചേര്ത്തുവച്ചും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയും അരക്കെട്ടില്‍ അമര്‍ത്തിപ്പിടിച്ചും വേണം സ്തനിരീക്ഷണം നടത്തുവാന്‍. ആകൃതിയിലുള്ള വ്യത്യാസം, മുഴകള്‍, തൊലിപ്പുറമെ ഉണ്ടാകുന്ന വ്യത്യാസം, മുലക്കണ്ണില്‍ വരുന്ന വ്യതിയാനങ്ങള്‍, പ്രധാനമായും ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, ചുറ്റും ചര്‍മ്മം ഇളകിപോകുക, രക്തം കലര്‍ന്ന സ്രവം ഉണ്ടാകുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സ്തനസ്പര്‍ശം
കിടന്നുകൊണ്ടോ, എഴുന്നേറ്റ് നിന്നുകൊണ്ടോ സ്പര്‍ശ പരിശോധന നടത്താവുന്നതാണ്. എതിര്‍വശത്തെ കൈകള്‍കൊണ്ടാണ് പരിശോധന നടത്തേണ്ടത്. കൈകളുടെ ഉള്‍ഭാഗമാണ് പരിശോധനയ്ക്കായി ഉപയോഗിക്കേണ്ടത്. വിരലുകളുടെ അഗ്രം ഉപയോഗിക്കാന്‍ പാടില്ല. അല്പം അമര്‍ത്തി വൃത്താകൃതിയില്‍ കൈകള്‍ ചലിപ്പിച്ച് സ്തനങ്ങള്‍ പൂര്‍ണമായും പരിശോധിക്കണം. അതിനു ശേഷം കൈകള്‍ കൊണ്ട് കക്ഷത്തിലും പരിശോധിക്കേതാണ്. അതിനുശേഷം മുലഞെട്ടിനു പിന്നില്‍ പരിശോധിക്കാം.
ഒടുവില്‍ മുലഞെട്ടില്‍ അമര്‍ത്തി സ്രവ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കണം. ആദ്യത്തെ ഏതാനും തവണ പരിശോധനകൊണ്ട് മാത്രമാണ് സ്തനങ്ങളെക്കുറിച്ചുള്ള ഒരു ധാരണ ലഭിക്കുകയുള്ളൂ. സംശയം തോന്നുന്ന മാറ്റങ്ങള്‍ കുറിച്ചുവച്ച് വീണ്ടും അടുത്ത പ്രാവശ്യം പരിശോധിക്കുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കുന്നതും ഫലപ്രദമായിരിക്കും. പുതുതായി ഉണ്ടാകുന്ന ഏത് വ്യത്യാസവും രണ്ടു പരിശോധനകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ക്ലിനിക്കല്‍ പരിശോധന നടത്തേണ്ടതാണ്.
ക്ലിനിക്കല്‍ പരിശോധന
സ്വയം പരിശോധനയില്‍ സംശയം തോന്നിയാല്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാം. ഇതിനായി ബ്രസ്റ്റ് സര്ജന്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് അല്ലെങ്കില്‍ ജനറല്‍ സര്ജന് ഇവരെ ആരുടെയെങ്കിലും സഹായം തേടാം. ഇവര്‍ നടത്തുന്ന ക്ലിനിക്കല്‍ പരിശോധനയിലൂടെ സ്തനാര്‍ബുദ നിര്‍ണയം സാധ്യമാകും. സ്തനരോഗങ്ങളില് പ്രാവിണ്യമുള്ള ഡോക്ടര്‍ക്ക് 90 ശതമാനം രോഗവും ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.
മാമ്മോഗ്രാം
എക്സ്റെയോ അള്‍ട്രാസൗണ്ടോ ഉപയോഗിച്ച് സ്തനങ്ങളുടെ ഘടന മനസിലാക്കുന്നതിനാണ് മാമ്മോഗ്രാം എന്നു പറയുന്നത്. 40 വയസില്‍ താഴെയുള്ളവര്‍ക്ക് അള്‍ട്രാസൗണ്ട് മാമ്മോഗ്രം ആണ് ഫലപ്രദം, 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എക്സ് റേ മാമ്മോഗ്രാം കൂടുതല്‍ പ്രയോജനപ്പെടും.
രണ്ടു മാമ്മോഗ്രാമും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ കൃത്യത 90 ശതമാനത്തിന് മുകളിലെത്തുന്നു. ക്ലിനിക്കല്‍ പരിശോനയില്‍ കാണാന്‍ സാധിക്കാത്ത കാന്‍സറുകളും മാമ്മോഗ്രാം വഴി കണ്ടുപിടിക്കാവുന്നതാണ്.
സ്തനാര്‍ബുദ പ്രതിരോ മാര്‍ഗരേഖ
1. 25 മുതല്‍ 39 വയസുവരെ മാസം തോറുമുള്ള സ്വയം സ്തനപരിശോധന നടത്തുക.
2. സംശയം തോന്നിയാല്‍ ക്ലനിക്കല്‍ പരിശോധനയ്ക്ക് വിധേയമാകുക.
3. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാസം തോറുമുള്ള സ്തനപരിശോധന നടത്തുക.
4. 40 കഴിഞ്ഞവര്‍ വര്‍ഷം തോറുമുള്ള മാമ്മോഗ്രാം പരിശോധന നടത്തുക. കൂടാതെ ക്ലിനിക്കല്‍ സ്തനപരിശോധനയ്ക്കും വിധേയമാവുക.
5. 40 - 45 വയസുവരെ മാമ്മോഗ്രാം പരിശോധന ക്ലിനിക്കല്‍ സ്തനപരിശോധനയ്ക്കു ശേഷം ആവശ്യമുണ്ടെങ്കില്‍ മാത്രം നടത്തിയാല്‍ മതിയാകും.
കരുതലിന്റെ പിങ്ക് മാസം
എല്ലാ ഒക്ടോബര്‍ മാസവും സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനുള്ള 'പിങ്ക് മാസം' ആയി ആചരിക്കുന്നു. ഇതോടൊപ്പം സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളുടെ പ്രധാന്യം ജനങ്ങളിലെത്തിക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ഈ മാസം നടക്കും. സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ കൂടിച്ചേരലും പിങ്ക് മാസത്തിന്റെ പ്രത്യേകതയാണ്.
എന്താണ് പിങ്ക് മാസം
അമേരിക്കയിലും യുറോപ്പിലും പിങ്ക് നിറം പെണ്‍കുട്ടികളെ സൂചിപ്പിക്കുന്നു. കൂടാതെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും വര്‍ണമായി പിങ്ക് കണക്കാക്കപ്പെടുന്നു. ശാന്തിയുടെയും സമാധനത്തിന്റെയും നിറമായും പിങ്കിനെ വിശേഷിപ്പിക്കുന്നവരുണ്ട്.
പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍ മറ്റുള്ളവരിലേക്ക് സ്നേഹം പകരാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന വിശ്വാസവുമുണ്ട്. 1991-മുതലാണ് പിങ്ക് നിറം സ്തനാര്‍ബുദത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങിയത്. പിങ്ക് നിറത്തിലുള്ള റിബണാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്തനാര്‍ബുദത്തെ കീഴടക്കിയ സൂസന് ജി. കോമന് എന്ന അമേരിക്കന്‍ വനിതയാണ് പിങ്ക് നിറത്തെ സ്തനാര്‍ബുദത്തിന്റെ പ്രതീകമായി അവതരിപ്പിച്ചത്. പിന്നീട് സെല്‍ഫ് എന്ന മാസിക പിങ്ക് നിറത്തിന്റെ അര്‍ഥവ്യാപ്തി മുന്‍നിര്‍ത്തി സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ പ്രതീകാത്മക നിറമായി തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ പിങ്ക് മാസവും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ഊര്‍ജിത ബോധവല്‍ക്കരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.
ഗര്‍ഭിണികളും ആര്‍ത്തവ വിരാമം സംഭവിച്ചവരും എല്ലാ മാസവും ഒരേ ദിവസം പരിശോധന നടത്തേണ്ടതാണ്. മുലയൂട്ടുന്നവരും സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. ഇവര്‍ മുലയൂട്ടിയതിനു ശേഷമാണ് പരിശോധന നടത്തേണ്ടത്. ഏറ്റവും സൗകര്യപ്രദമായ സമയം സ്തനപരിശോധനയ്ക്കായി തെരഞ്ഞെടുക്കാം. കുളിക്കുമ്പോഴാണ് കൂടുതല്‍ അനുയോജ്യം. സ്തന നിരീക്ഷണവും സ്തന സ്പര്‍ശവുമാണ് സ്വയം പരിശോധനയില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്.