
തിരുവനന്തപുരം : കുടുംബശ്രീയെ കൂട്ടുപിടിച്ച് കുടക്കച്ചവടത്തിനൊരുങ്ങി സപ്ലൈകോ. സപ്ലൈകോ വില്‍പ്പനശാലകളിലൂടെ കുടവിതരണത്തിനു കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചു.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവ മുഖേന, മാരാരി മാര്‍ക്കറ്റിങ് വിതരണം ചെയ്യുന്ന 20,000 കുടകളാണു വില്‍ക്കുക. എത്ര കുടകള്‍ വില്ക്കാനാകുമെന്നാരാഞ്ഞ് ഡിപ്പോ മാനേജര്‍മാര്‍ക്കു സപ്ലൈകോ എഫ്.എം.സി.ജി. മാനേജര്‍ കത്തയച്ചു. 355 രൂപ എം.ആര്.പിയുള്ള ഡാലിയ ത്രീ ഫോള്‍ഡ് കുട 271.32 രൂപയ്ക്കും 365 രൂപയുടെ സണ്‍ഫ്ളവര്‍ ത്രീ ഫോള്‍ഡ് കുട 279.30 രൂപയ്ക്കും 365 രൂപയുടെ ജാസ്മിന് ത്രീ ഫോള്‍ഡ് കുട 279.30 രൂപയ്ക്കും 375 രൂപയുടെ ലോട്ടസ് ത്രീ ഫോള്‍ഡ് കുട 286.14 രൂപയ്ക്കുമാകും വില്‍ക്കുക.
തുണിസഞ്ചി ഇടപാടിലെ കോടികളുടെ അഴിമതി "മംഗളം" പുറത്തുകൊണ്ടുവന്നതിനേത്തുടര്ന്ന് കുടുംബശ്രീയെ പഴിചാരി രക്ഷപ്പെടാനായിരുന്നു സപ്ലൈകോ നീക്കം. എന്നാല്‍, കുടുംബശ്രീ പ്രത്യേകാന്വേഷണം പ്രഖ്യാപിച്ചതോടെ അഴിമതിക്കു ചുക്കാന്‍ പിടിച്ചവര്‍ വെട്ടിലായി. ഇതേത്തുടര്‍ന്നാണു മഴക്കാലം കഴിഞ്ഞിട്ടും കുടുംബശ്രീയെ അനുനയിപ്പിക്കാന്‍ സപ്ലൈകോ കുടക്കച്ചവടത്തിനിറങ്ങിയത്. തുണിസഞ്ചി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനാല്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണു പരാതിക്കാര്‍.
ജി. അരുണ്‍






