
റെക്കോർഡ് തുകയ്ക്ക് ആണ് 1990-ലെ നിന്റെന്റോ എന്റർടെയ്ൻമെന്റ് സിസ്റ്റം ഗെയിമായ സൂപ്പർമാരിയോ ബ്രോസ് 3-യുടെ പഴയ കോപ്പി ലേലത്തിൽ വിറ്റുപോയതെന്ന് റിപ്പോർട്ട്. 1,56,000 ഡോളറിനാണ് (ഏകദേശം 1,15,45,170 രൂപ) ഗെയിം വിറ്റത്.
ഇതിന് മുമ്പ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയ വീഡിയോ ഗെയിം 1985-ൽ പുറത്തിറങ്ങിയ സൂപ്പർ മാരിയോ ബ്രോസ് ഗെയിം കോപ്പിയാണ്. റിപ്പോർട്ട് അനുസരിച്ച് 1,14,000 ഡോളറിനാണ് (84,36,855 രൂപ) ഇത് വിറ്റത്. 20 പേർ ലേലത്തിൽ പങ്കെടുത്തു.
ഹെറിറ്റേജ് ഓക്ഷൻസ് എന്ന സ്ഥാപനമാണ് വെള്ളിയാഴ്ച 62000 ഡോളർ അടിസ്ഥാന വിലയിൽ 1990 സൂപ്പർ മാരിയോ ബ്രോസ് 3 ലേലത്തിൽ വെച്ചത്. ഹെറിറ്റേജ് ഓക്ഷൻ ഹൗസ് നിന്റെന്റോയുടെ ഗെയിം ബോയ് കൾസോളിലേക്കുള്ള 1998-ലെ പോക്കിമോൻ ഗെയിമും വലിയ തുകയ്ക്ക് വിറ്റു. 84000 ഡോളർ (62,14,702 രൂപ) വിലയ്ക്കാണ് ഇത് വിറ്റത്. റിപ്പോർട്ട് അനുസരിച്ച് ഒരു പോക്കിമോൻ ഗെയിമിന് കിട്ടുന്ന ഏറ്റവും കൂടിയ തുകയാണ് ഇത്.






