
കുവൈത്ത് സിറ്റി: ഭാഗിക പൊതുമാപ്പിനായി
ഇന്ത്യൻ എംബസിയിൽ ഇന്നു മുതൽ പ്രത്യേക കൗണ്ടർ തുറക്കും. പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി കൗണ്ടറിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് നൽകും.
കുവൈത്തിൽ 2020 ജനുവരി ഒന്നിനോ അതിന് മുൻപോ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിലാണ് ഇത്.
അതെ സമയം, കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല. ഇവർ ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
കൂടാതെ, പാസ്പോർട്ട് കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും അബാസഡർ പറഞ്ഞു.
നേരത്തെ 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായിരുന്നു. ഇത് തിരുത്തിയാണ് ഡിസംബർ ഒന്നുമുതൽ 31 വരെ പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാൻ പ്രത്യേക അവസരം നൽകുന്നത്.






