
പുതിയ ക്രോസോവർ എസ്യുവി മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹ്യുണ്ടായി. ഹ്യുണ്ടായി എസ്.യു.വി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാകുമെന്ന് പ്രതിക്ഷിക്കുന്ന ഈ മോഡലിന് ബെയോണ്‍ എന്ന് പേര് നല്‍കുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യപകുതിയോടെ യൂറോപ്യൻ വിപണിയിൽ വാഹനം എത്തിയേക്കും.
വരവിന് മുന്നോടിയായ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് റിപ്പോർട്ട്. എസ്യുവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഹ്യുണ്ടായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്ലൈറ്റിന്റെ ചിത്രം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കോന, ടൂസോണ്‍, നെക്സോ, സാന്റാ ഫേ തുടങ്ങിയ ഹ്യുണ്ടായിയുടെ എസ്.യു.വി മോഡലുകളുടെ പിന്തുടര്ച്ചക്കാരനായാണ് ബയോണ്‍ എത്തുന്നത്. റിപ്പോർട്ട് അനുസരിച്ച് ബി-സെഗ്മെന്റിലെ എൻട്രി ലെവൽ വാഹനമായതിനാൽ എസ്യുവിക്ക് 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ 4 സിലിണ്ടർ NA പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം. ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടില്ല.






