
ഭാരതി എയർടെൽ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കൾക്കായി സൗജന്യ ഡാറ്റാ കൂപ്പൺ നൽകുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയർടെൽ 4ജി ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുക. ഇടി ടെലികോം റിപ്പോർട്ട് അനുസരിച്ച് എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുക. ഒരു ജിബിയുടെ കൂപ്പണുകളായാണ് ലഭിക്കുക.
പുതിയ 4ജി പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും, 4ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്ത് ആദ്യമായി എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മൊബൈൽ നമ്പർ ആക്റ്റിവേറ്റ് ആയി 30 ദിവസത്തിനുള്ളിൽ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഒരു ജിബിയുടെ അഞ്ച് കൂപ്പണുകൾ 72 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുമെന്നാണ് റിപ്പോർട്ട്.
ഈ ആനുകൂല്യം ഒരു മൊബൈൽ നമ്പറിൽ ഒരു തവണ മാത്രമാണ് ലഭിക്കുക. ഒരോ ഒരു ജിബി കൂപ്പണും 90 ദിവസം വരെ റിഡീം ചെയ്യാൻ സമയമുണ്ട്. മൂന്ന് ദിവസം മാത്രമാണ് ഡാറ്റയുടെ വാലിഡിറ്റി. പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാൽ ഈ സൗജന്യ ഡാറ്റ ഉപയോഗിക്കാൻ സാധിക്കില്ല.






