
അമ്മയ്ക്കൊപ്പം ഡാന്‍സ് ചെയ്തും വര്‍ക്കൗട്ടിന് ഇടയില്‍ ഒപ്പമിരുന്നും കൊച്ചുകൊച്ചു കുറുമ്പുകളുമായി ഓടി നടക്കുകയാണ് അരുന്ധതി. നടന് മുരളി കൃഷ്ണയുടെയും നടി ശിവദയുടെയും മകള്‍. നടക്കാന്‍ തുടങ്ങിയതില്‍ പിന്നെ വീട്ടിലുള്ളവരെ മുഴുവന്‍ തന്റെ പിന്നാലെ ഓടിയ്ക്കുകയാണ് ഈ കുറുമ്പി. അമ്മയ്ക്കൊപ്പം ലൊക്കേഷനിലെത്തിയാല്‍ കുറുമ്പൊപ്പിക്കാതെ ഇരിക്കുന്ന അരുന്ധതി അമ്മയെ കണ്ടാല്‍ കുസൃതിക്കുടുക്കയാവും. മകളുടെ വിശേഷങ്ങളെക്കുറിച്ച് ശിവദ വാചാലയാവുന്നു.
മകളാണ് ഞങ്ങളുടെ ലോകം
ഷൂട്ടും മറ്റ് പ്രോഗ്രാമുകളുടെ തിരക്കുമൊക്കെയുള്ളതുകൊണ്ടുതന്നെ ഞാനും മുരളിയും ഒരുമിച്ച് വീട്ടിലെത്തുന്ന സമയം കുറവായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഇതിന് മാറ്റം വന്നു. കുഞ്ഞിന്റെ കാര്യത്തിനാണ് ആദ്യ പരിഗണന നല്‍കുന്നത്. പുറത്ത് പോയാല്‍ എത്രയും വേഗം വീട്ടില്‍ എത്തണമെന്നാണ് മുരളി ആഗ്രഹിക്കുന്നത്.
എന്റെ ഒരു ദിവസം തുടങ്ങുന്നതുതന്നെ മോളുടെ മൂഡും ടൈംടേബിളുമനുസരിച്ചാണ്. മുമ്പ് എഴുന്നേറ്റാലുടന്‍ യോഗ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഉറക്കമുണരുമ്പോള്‍ തന്നെ മോളും എഴുന്നേല്ക്കും. പിന്നെ ഞങ്ങള്‍ രണ്ടാളും കൂടി ബെഡിലിരുന്ന് കളിയും ചിരിയും ബഹളവുമൊക്കെയായി കുറച്ച് സമയം ചെലവഴിക്കും. അതല്ലാതെ നമ്മളായിട്ടെന്തെങ്കിലും പ്ലാന്‍ ചെയ്താല്‍ ഒന്നും നടക്കില്ല. രാവിലെ 6.30 ന് യോഗ ചെയ്യാന്‍ തുടങ്ങും. അത് കഴിഞ്ഞ് നൃത്തത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുണ്ട്. ഞാനിപ്പോള്‍ ഭരതനാട്യത്തില്‍ പി.ജി ചെയ്തുകൊണ്ടിരിക്കുകയാണ്.
മകള്‍ അരുന്ധതിക്കിപ്പോള് ഒരു വയസ്സും മൂന്ന് മാസവും ആകുന്നു. ലോക്ഡൗണിനുശേഷമാണ് ഡാന്‍സും യോഗയുമൊക്കെ ചെയ്യാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുന്നത്. ഇതിനിടയില്‍ യോഗയുടെ 200 മണിക്കൂറുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് കംപ്ലീറ്റ് ചെയ്തു. ഇപ്പോള്‍ മോളെ കൂടെ നിര്‍ത്തിക്കൊണ്ട് തന്നെ എനിക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ട്.
മാലാഖ കുഞ്ഞ്
കുഞ്ഞ് പെണ്ണായാലും ആണായാലും ആരോഗ്യത്തോടെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടണമെന്നായിരുന്നു ആഗ്രഹവും പ്രാര്‍ത്ഥനയും. സ്കാനിങ്ങിന്റെ സമയത്ത് ആണാണോ പെണ്ണാണോ എന്നറിയാനുള്ള ആകാംക്ഷയൊന്നും ഉണ്ടായിരുന്നില്ല. നോര്‍മല്‍ ഡെലിവറിയാകണം, മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവരുത് എന്നൊക്കെയായിരുന്നു മനസില്‍.
ആണ്കുഞ്ഞാണെങ്കില് എന്ത് പേരിടണം, പെണ്കുഞ്ഞാണെങ്കില് എന്ത് പേരിടണമെന്ന് ആദ്യമേ സെലക്ട് ചെയ്തിരുന്നു.
പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ കണ്‍ഫ്യൂഷനായി. ലിസ്റ്റില്‍ ഇഷ്ടപ്പെടാത്തവ ഒഴിവാക്കി പത്ത് പേരുകളിലെത്തി, പിന്നെ ദേവകി, ജാനകി, കല്യാണി എന്നീ പേരുകളായി. എന്നാല്‍ ഇരുപത്തിയെട്ടുപിറന്നാളിന്റെ തലേ ദിവസം പോലും പേര് നിശ്ചയിച്ചില്ല. പേര് നിശ്ചയിച്ചോ എന്ന് എല്ലാവരും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ തമാശ എന്ന് കരുതി. തലേദിവസം രാത്രി മോളുറങ്ങി കഴിഞ്ഞ് ഞാനും മുരളിയും പേരിന്റെ കാര്യം വീണ്ടും ആലോചിച്ചു.
പൂര്‍ണതയുള്ള പേരായിരിക്കണമെന്നും ചെല്ലപ്പേര് വേണ്ടെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. വലിയ പേര് ഒപ്പം പുതുമ വേണമെന്നും മനസിലുണ്ടായിരുന്നു. ദേവകി എന്നിട്ടാല് ദേവു എന്നും ജാനകി എന്നാണെങ്കില്‍ ജാനു എന്നും കല്യാണി എന്നാണെങ്കില്‍ കല്ലു എന്നും വിളിക്കും. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പറഞ്ഞു അരുന്ധതി എന്ന്. അരുന്ധതി എന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ ആള് നോക്കും. തന്നെയാണ് വിളിക്കുന്നതെന്ന് അറിയാം. അരുന്ധതി എന്ന് തന്നെ മോളെ എല്ലാവരും വിളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ രണ്ട് പേര്‍ക്കുമുണ്ട്. അതുകൊണ്ട് ചെല്ലപ്പേരുകളൊന്നും ഇതുവരെ ഇട്ടിട്ടില്ല.
അച്ഛന്റെ പൊന്നുമകള്‍
ചെറിയ വാക്കുകളൊക്കെ സംസാരിച്ചു തുടങ്ങിയെങ്കിലും ഇതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. കരയുമ്പോള്‍ അമ്മേ എന്നൊക്കെ വിളിക്കും. ഏഴ്, എട്ട് മാസമായപ്പോള്‍ ഞാന്‍ അച്ഛ എന്ന് വിളിക്കാന്‍ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ അച്ഛ, ചേട്ട, ചേച്ചി, ടാറ്റ എന്നൊക്കെ പറയുമെങ്കിലും എന്നെ നോക്കി അമ്മേ എന്ന് വിളിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരും. എന്നാലും എന്താവശ്യമുണ്ടേലും എന്റെയടുത്തേക്കാണ് ആദ്യം വരുന്നത്. ഇടയ്ക്ക് ഫോണെടുത്ത് ആരാ എന്നൊക്കെ ചോദിക്കുന്നത് കാണാം.
ഒരു വയസാകുന്നതിന് ഒരാഴ്ച മുമ്പാണ് പതിയെ പിച്ച വച്ച് തുടങ്ങുന്നത്. ഇപ്പോള്‍ ഫുള്‍ടൈം ഓട്ടമാണ്.
അവളിപ്പോഴേ അച്ഛന് കുട്ടിയാണ്. മുരളി ഷൂട്ടിന് പോയി കുറേ ദിവസം കഴിഞ്ഞ് വന്ന് അവളെ വിളിക്കുമ്പോഴേക്കും അവള് കൈയും കാലുമൊക്കെ ഇളക്കി ബഹളമുണ്ടാക്കും. കൈയിലേക്ക് ചാടി വീഴും. ജനിച്ച് മൂന്ന് മാസമായപ്പോള്‍ അവളെ എനിക്കൊപ്പം ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തിനുശേഷമാണ് തിരികെ വന്നത്. വീട്ടിലെത്തിയപ്പോള്‍ മുരളിയെ കണ്ടതും ചിരിച്ചോണ്ട് കൈയിലേക്ക് ചാടി വീണു. മുരളി പുറത്തുപോയി തിരികെ എത്തിയാലുടന്‍ അരുന്ധതി ഓടി അടുത്തേയ്ക്ക് ചെല്ലും.
കുഞ്ഞുതാരം
വലിയ വാശിയും ബഹളങ്ങളുമില്ലാത്ത കുഞ്ഞാണ് അരുന്ധതി. ജിമ്മില്‍ പോകുമ്പോള്‍ ഇടയ്ക്ക് അവളേയും കൂടെ കൊണ്ടുപോകും. യോഗയുടെയും നൃത്തത്തിന്റെയും ഓണ്‍ലൈന്‍ ക്ലാസുള്ളപ്പോള്‍ അവള് അമ്മയ്ക്കൊപ്പം ഇരിക്കും. എന്റെ വീട്ടിലായാലും മുരളിയുടെ വീട്ടിലായാലും അച്ഛനും അമ്മയും ഉള്ളതുകൊണ്ട് മോളെ നോക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടൊന്നുമില്ല.
ലൊക്കേഷനിലെ താരം
കുഞ്ഞുണ്ടായി മൂന്നാം മാസം മുതല്‍ ഞാന്‍ ഷൂട്ടിന് കൊണ്ടുപോയി. തമിഴില്‍ മാധവനൊപ്പം അഭിനയിച്ച മാരി എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കൊച്ചിയിലായിരുന്നു. ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ കുഞ്ഞിന്റെ കാര്യം പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ തണുപ്പുള്ള ഡിസംബറിലാണ് ഷൂട്ട് തുടങ്ങിയത്. ഊട്ടിയിലായിരുന്നു ഷൂട്ട്, മോളേയും ഞാന്‍ ഒപ്പം കൊണ്ടുപോയി. അമ്മയും ഒപ്പമുണ്ടായിരുന്നു. ഷൂട്ടുള്ള ദിവസം രാവിലെ എണീറ്റ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം റെഡിയാക്കി അവള്‍ക്ക് വേണ്ട സാധനങ്ങളെല്ലാം ബാഗിലാക്കി വച്ചശേഷമാണ് ഞാന്‍ റെഡിയാകാന്‍ തുടങ്ങുന്നത്.
ലൊക്കേഷനിലെത്തിയാല്‍ അമ്മയും മോളും കാരവാനിലിരിക്കും. ബ്രേക്കിന്റെ സമയത്ത് ഞാന്‍ പോയി പാലുകൊടുത്ത് കുഞ്ഞിനൊപ്പം ഇരിക്കും. ലൊക്കേഷനിലുള്ളവര്‍ വളരെ സപ്പോര്‍ട്ടായിരുന്നു. കാരവാനില്‍ പൊക്കോളൂ, ഷോട്ട് ആകുമ്പോള്‍ വിളിക്കാം എന്ന് പറയും. തണുപ്പുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അതിനുശേഷം തമിഴില്‍ അടുത്ത ചിത്രം തുടങ്ങിയപ്പോഴും കുഞ്ഞിനെ ഒപ്പം കൊണ്ടുപോയി. ആ സിനിമയുടെ ഷൂട്ട് കൊറോണ മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്.
കരുതലോടെ ഓരോ ദിനവും
കുഞ്ഞിന്റെ ഓരോ കാര്യവും വളരെ ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ദൈവസഹായത്താല്‍ എപ്പോഴും അസുഖങ്ങളൊന്നും വരാറില്ല. ഊട്ടിയിലെ ഷൂട്ടിന് പോകുന്നതിന് മുമ്പ് ഒരുമാസത്തോളം കുഞ്ഞിന് ജലദോഷവും അസ്വസ്ഥതയും മൂലം രാത്രി ഉറങ്ങാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഒന്നാം പിറന്നാള്‍ കഴിഞ്ഞപ്പോള്‍ ഒരു തവണ പനിയും അസ്വസ്ഥയുണ്ടായി. കുഞ്ഞിന് അസുഖമെന്തെങ്കിലും വന്നാല്‍ ഞങ്ങള്‍ക്ക് ടെന്‍ഷനാണ്. രാത്രിയില്‍ മുരളിയും ഞാനും എഴുന്നേറ്റ് പനി നോക്കി ഉറങ്ങാതെ ഇരിക്കും.
പനിയോ മറ്റോ വന്നാല്‍ പനിക്കൂര്‍ക്ക ഇല വെള്ളം തിളപ്പിച്ചു കൊടുത്തും മറ്റ് നാട്ടുമരുന്നുകള്‍ കൊടുത്തും നോക്കും. അസുഖം മാറിയില്ലെങ്കില്‍ ഹോമിയോ മരുന്ന് കൊടുക്കും. അത് കഴിച്ചിട്ടും മാറിയില്ലെങ്കിലേ അലോപ്പതി കൊടുക്കാറുള്ളൂ. മോളുടെ ആരോഗ്യ കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ രാജഗിരി ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യന്‍ ഡോ. വിപിന്‍ മെസേജ് അയ്ക്കും. അദ്ദേഹം മറുപടിയും നല്‍കും. അതനുസരിച്ചാണ് മരുന്ന് കൊടുക്കുന്നത്.
ഫിറ്റ്നെസ്
പ്രസവശേഷം വര്‍ക്കൗട്ട് ചെയ്തും യോഗ ചെയ്തുമൊക്കെ ഫിറ്റ്നസ് വീണ്ടെടുത്തത് സൈസ് സീറോ ആവാനല്ല മറിച്ച് ആരോഗ്യകരമായ ശരീരത്തിന് വേണ്ടിയാണ്.
പ്രസവകാലത്ത് വണ്ണം വയ്ക്കുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ ശര്ദ്ദിയൊക്കെ കൂടുതലായിരുന്നതുകൊണ്ടായിരിക്കാം വണ്ണം കുറയുകയാണ് ചെയ്തത്. അഞ്ചാം മാസം തൊട്ട് സ്ഥിരമായി ഒരുമണിക്കൂറോളം യോഗ ചെയ്തിട്ടുണ്ട്.
പ്രസവത്തിന് പോയപ്പോള്‍ പോലും അധികം സമ്മര്‍ദമില്ലാത്ത യോഗാ പോസുകള്‍ ചെയ്തിരുന്നു. മകള്‍ക്ക് പോഷകാഹാരം കുറയരുതെന്ന് കരുതി ഒരു ഭക്ഷണത്തിനും നിയന്ത്രണം വച്ചിരുന്നില്ല. പ്രസവശേഷം മൂന്നുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും യോഗ ചെയ്തു തുടങ്ങി. പിന്നെ സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് തുടങ്ങി. പിന്നെ ഇപ്പോള്‍ കുഞ്ഞിനു പുറകെയുള്ള ഓട്ടവുമുണ്ട്. ലോക്ക്ഡൗണായതിനു ശേഷമാണ് എനിക്കും മുരളിക്കും കുഞ്ഞിനൊപ്പം ഇത്രയും സമയം ചെലവഴിക്കാന്‍ കിട്ടിയത്.
മാതൃത്വം എന്ന അനുഭവം
ഗര്‍ഭിണിയായ സമയത്ത് ശര്ദ്ദില് പതിവായിരുന്നു. മൂന്നുമാസം കഴിഞ്ഞ് കുറയുമെന്ന് പറഞ്ഞെങ്കിലും മൂന്ന് നാല് ആഴ്ച കൂടുമ്പോള്‍ ശര്‍ദ്ദിലും ക്ഷീണവുമൊക്കെയായി ഹോസ്പിറ്റലില്‍ അഡ്മിറ്റാകും. പിന്നെ ശരീരവും മനസും അഡ്ജസ്്റ്റഡായി. ഗര്‍ഭകാലത്ത് എന്തുചെയ്യണമെന്നൊക്കെ നെറ്റില്‍ സെര്‍ച്ച് ചെയ്തും പുസ്തകങ്ങള്‍ വായിച്ചും മനസിലാക്കി. കുഞ്ഞുണ്ടായശേഷം കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് മുമ്പ് അമ്മയോട് ചോദിക്കും. ഇപ്പോള്‍ കുഞ്ഞ് ഒന്ന് അനങ്ങിയാല്‍ എനിക്ക് മനസിലാകും.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്ന വാക്ക് ഗര്‍ഭകാല സമയത്ത് ഗൂഗിള്‍ ചെയ്തപ്പോള്‍ ആണ് അറിയുന്നത്. എന്റെ അമ്മ ഉള്‍പ്പെടെയുള്ള തലമുറയ്ക്കൊന്നും ഇതു കേട്ടു പരിചയം പോലുമില്ല. സുഹൃത്തുക്കളില്‍ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുഞ്ഞുണ്ടായി വീട്ടില്‍ വന്ന ആദ്യത്തെ ദിവസം ഉറങ്ങുന്നേയില്ലായിരുന്നു. ആരെടുത്താലും കരച്ചിലാണ്. അന്നൊക്കെ വെളുപ്പിന് മൂന്നു മണി തൊട്ട് ആറുവരെ എന്റെ കയ്യില്‍ തന്നെ അവളെ വച്ചിരിക്കുകയായിരുന്നു.
മാതൃത്വം എന്നത് പവിത്രമാണെന്നൊക്കെ പറയുമെങ്കിലും ഇതു നല്കുന്ന സമ്മര്‍ദങ്ങളുമുണ്ട്. തുടക്കത്തില്‍ ബ്രെസ്റ്റ്ഫീഡിങ് വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഞാനിതെല്ലാം ആസ്വദിക്കുന്നുണ്ട്.
അന്നിതിനൊന്നുമുള്ള മാനസികാവസ്ഥയില്ലായിരുന്നു. കുഞ്ഞു കരഞ്ഞാലും എടുക്കണം എന്ന് തോന്നുമ്പോഴും നിര്വികാരമായിരുന്നിട്ടുണ്ട്. എന്റെ ആ സമയത്തെ ശാഠ്യങ്ങളൊക്കെയും സഹിച്ചിട്ടുള്ളത് അച്ഛനും അമ്മയും ചേച്ചിയും ഭര്‍ത്താവ് മുരളിയും അദ്ദേഹത്തിന്റെ വീട്ടുകാരുമൊക്കെയാണ്.
അശ്വതി അശോക്