
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റേഷനുകളെയാണ് ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തിലെ കച്ചില്‍ നടന്ന സംസ്ഥാന ഡി.ജി.പിമാരുടെ യോഗത്തില്‍ നല്കിയ നിര്‍ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.
നഗരങ്ങളിലെ ഗ്രാമീണ മേഖലയിലേയും തെരഞ്ഞെടുക്കപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 16,671 പോലീസ് സ്റ്റേഷനുകളില്‍ പരിഗണനയില്‍ വന്നിരുന്നു. അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 75 സ്റ്റേഷനുളില്‍ നിന്നാണ് 10 എണ്ണം അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കേരളത്തില്‍ നിന്ന് ഒരു പോലീസ് സ്റ്റേഷന് പോലും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മണിപ്പൂരിലെ തൗബാല്‍ നോങ്പോക് സെക്മയി സ്റ്റേഷനാണ് ഒന്നാമത്. തമിഴ്നാട് സേലം എഡബ്ല്യൂപിഎസ്- സുരമംഗലം, അരുണാചല്‍ പ്രദേശ്, ചങ്ലാങ് ഖര്‍സാങ് സ്റ്റേഷന്, ഛത്തീസ്ഗഡ് സൂരജ്പുരിലെ ഝില്മിലി സ്റ്റേഷന്, ഗോവ സൗത്ത് ഗോവയിലുള്ള സ്ഗൂം സ്റ്റേഷന്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ നോര്‍ത്ത് മിഡല്‍ ആന്‍ഡമാനിലുള്ള കലിഘട്ട് സ്റ്റേഷന്, സിക്കിം ഈസ്റ്റ് ജില്ലയിലെ പക്യോംഗ് സ്റ്റേഷന്, ഉത്തര്‍പ്രദേശില്‍ മൊറാദാബാദിലുള്ള കാന്ത് സ്റ്റേഷന്, ദദ്രാ നഗര്ഹവേലിയിലുള്ള ഖന്‍വേല്‍ സ്റ്റേഷന്, തെലങ്കാന കരിംനഗറിലെ ജമ്മികുന്ത ടൗണ്‍ സ്റ്റേഷന് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവ.






