
ഇന്ത്യന്‍ ഉപഭോക്തൃ സൈക്കിള്‍ ബ്രാന്‍ഡായ ആല്ഫവെക്ടറുമായി കെടിഎം പങ്കാളിത്തം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സൈക്കിൾ വിപണിയിലും പ്രവേശിക്കാൻ ഒരുങ്ങുകയാണ് കെടിഎം. കെടിഎം സൈക്കിളുകള്‍ ആല്‍ഫ വെക്ടറായിരിക്കും വില്‍പ്പന നടത്തുക.
റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ആല്‍ഫവെക്ടര്‍ വില്‍ക്കുന്ന കെടിഎം സൈക്കിളുകള്‍ക്ക് ഏകദേശം 30,000 മുതല്‍ 10 ലക്ഷം വരെ വിലവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം അഞ്ച് വര്‍ഷമായി ആല്‍ഫവെക്ടര്‍ വിപണിയില്‍ സജീവമാണ്. മാസ് പ്രീമിയം വിഭാഗത്തില്‍ സൈക്കിളുകള്‍ വില്‍പ്പന ചെയ്യുന്നു. പ്രീമിയം സൈക്കിളുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം കെടിഎമ്മിനും പങ്കാളിത്തത്തില്‍ നിന്ന് പ്രയോജനം നേടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രീമിയം സെഗ്മെന്റിന്റെ ഡിമാന്റിന്റെ 75 ശതമാനം വില്‍പ്പന പ്രതീക്ഷിക്കുന്നത്. സൈക്ലിംഗ് ഇന്ത്യയിൽ ഒരു മാതൃകാപരമായ മാറ്റം കണ്ടു. ഇത് വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ആളുകള്‍ സൈക്ലിംഗിനെ ഒരു ജീവിതശൈലിയായി സ്വീകരിച്ചു തുടങ്ങിയെന്നും ആല്‍ഫ വെക്ടറിലെ സഹസ്ഥാപകനും സിഇഒയുമായ സച്ചിന് ചോപ്ര പറഞ്ഞു.
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് അടുത്തിടെയാണ് ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. റിപ്പോർട്ട് അനുസരിച്ച് ആദ്യ ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കുക കൊളറാഡോ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്വയറ്റ്കാറ്റുമായി സഹകരിച്ചായിരിക്കും.