ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി തങ്ങളുടെ ഗ്രാൻഡ് ടൂറർ മോഡലായ ഫ്ലൈയിംഗ് സ്പറിൽ V8 എഞ്ചിൻ അവതരിപ്പിച്ചു. V8 മോഡൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബാക്ക് സീറ്റ് സുഖസൗകര്യങ്ങളേക്കാൾ ഡ്രൈവിംഗ് മികവിലാണെന്ന് ബെന്റ്ലി അവകാശപ്പെടുന്നു.
4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ലഭിക്കുന്നത്. പരമാവധി 542 bhp കരുത്തിൽ 770 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന് 0-100 കിലോമീറ്റർ വേഗത വെറും 4.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സാധിക്കും. എന്നാൽ, സൂപ്പർകാറിന്റെ പരമാവധി വേഗത 318 കിലോമീറ്ററാണ്.
ബ്രേക്ക് ബൈ ടോർഖ് വെക്റ്ററിംഗ്, ഡ്രൈവ് ഡൈനാമിക്സ് കൺട്രോൾ, പെർഫോമൻസിനൊപ്പം അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ഇലക്ട്രിക് സ്റ്റിയറിംഗ് എന്നിവയെല്ലാം വാഹനത്തിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്. 48V ഇലക്ട്രിക് ആക്റ്റീവ് ആന്റി-റോൾ ടെക്നോളജി (ബെന്റ്ലി ഡൈനാമിക് റൈഡ്), ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും ഫ്ലൈയിംഗ് സ്പറിലുണ്ട്. ഫ്ലൈയിംഗ് സ്പർ V8 പരിഷ്കരിച്ച ശ്രേണി ഇന്ത്യയിലേക്ക് എത്തിക്കാൻ ബെന്റ്ലി തീരുമാനിച്ചതിനാൽ ഗ്രാൻഡ് ടൂറർ ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോർട്ട്.






