
കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിൽ ലോകം പുതിയ കോവിഡ് വാക്സിൻ എന്ന യഥാർഥ്യത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കുത്തിവയ്പ്പിന് കൂടുതൽ വേദനയുണ്ടാകുമോ.... പാർശ്വഫലം ഉണ്ടാക്കുമോ... എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.
പ്രതിരോധശേഷി വർധിപ്പിക്കാനായി പ്രോട്ടീൻ ഉണ്ടാക്കുന്നതെങ്ങനെയെന്നു നമ്മുടെ സ്വന്തം കോശങ്ങളെ പഠിപ്പിക്കുകയാണ് എം ആർ എൻ എ വാക്സിനുകൾ ചെയ്യുന്നത്. ഈ പ്രതികരണം ശരീരത്തിനുള്ളിൽ ആന്റിബോഡികൾ ഉണ്ടാക്കും. ഇവയാണ് യഥാർഥ വൈറസ് നമ്മുടെ ശരീരത്തിൽ കയറുമ്പോൾ സംരക്ഷണം നൽകുന്നത്.
കൈയുടെ മുകൾ ഭാഗത്ത് മസിലിലാണ് കോവിഡ് എംആർഎൻഎ വാക്സീൻ എടുക്കുക. ഈ സമയം ശരീരത്തിൽ ഒരു നുള്ള് തരുന്നതുപോലെ അനുഭവപ്പെടും.
ഇത്തരത്തിൽ ശരീരത്തിൽ പ്രവേശിച്ചയുടനെ ‘സ്പൈക് പ്രോട്ടീൻ’ എന്ന നിരുപദ്രവകരമായ ഒരു പ്രോട്ടീൻ നിർമിക്കാൻ കോശങ്ങൾക്കു നിർദേശം നൽകും. ഇവ നിർമിക്കപ്പെട്ടു കഴിയുമ്പോൾ കോശങ്ങളുടെ പുറത്താണ് സ്ഥിതി ചെയ്യുക. കൊറോണ വൈറസിന്റെ പുറത്തും ഇതേ സ്പൈക് പ്രോട്ടീൻ ഉണ്ട്.
ഉൽപ്പാദിക്കപ്പെട്ടു കഴിയുമ്പോൾ ഈ പ്രോട്ടീൻ നമ്മുടെ ശരീരത്തു വേണ്ടതല്ലെന്ന് പ്രതിരോധ സംവിധാനത്തിനു മനസ്സിലാകും.
ശേഷം ആന്റിബോഡികൾ നിർമിച്ചുതുടങ്ങും. പതിയെ നമ്മുടെ ശരീരം ഭാവിയിൽ വരാവുന്ന വൈറസ് ബാധയെ പ്രതിരോധിക്കാൻ തക്ക സജ്ജമാകും. ഇതോടെ, യഥാർഥ കൊറോണ വൈറസ് ശരീരത്തു കയറിയാലും അതിനെതിരെ പോരാടാൻ നമ്മുടെ പ്രതിരോധ സംവിധാനം തയാറായി ഇരിക്കും.
വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയായ യുഎസിലെ ബോസ്റ്റൻ സ്വദേശി യാസിർ ബത്തൽവി (24)യുടെ അനുഭവം ഇങ്ങനെ.....
കൈയിൽ ചെറിയൊരു നുള്ള് തരുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ആശുപത്രിയിൽനിന്നു പോയി അന്നു വൈകുന്നേരം കൈ മടക്കാനൊക്കെ ചെറിയ പ്രയാസം അനുഭവപ്പെട്ടു. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അതു പിന്നീടു മാറി.
എന്നാൽ രണ്ടാമത്തെ ഡോസിനുശേഷം ചെറിയ പ്രശ്നങ്ങൾ കണ്ടു. ആശുപത്രിയിൽ കഴിയുന്ന സമയം കുഴപ്പമില്ലാതെപോയി. വൈകുന്നേരമായപ്പോഴാണ് പ്രയാസങ്ങൾ തുടങ്ങിയത്. ചെറിയതോതിൽ പനിയും ക്ഷീണവും കുളിരും അനുഭവപ്പെട്ടു. എന്നാൽ പിറ്റേന്ന് എല്ലാം മാറി.
ലക്ഷണങ്ങൾ കണ്ടപ്പോൾ ഡോക്ടർമാരെ ബന്ധപ്പെട്ടിരുന്നെങ്കിലും പേടിക്കേണ്ടെന്നാണ് പറഞ്ഞത്. ശരീരം വാക്സീനോടു പ്രതികരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്നാണ് വിദഗ്ധർ പറഞ്ഞത്’.
