
ന്യൂഡല്‍ഹി : ഏറ്റവുമധികം രത്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതോടെ ഒരു വജ്രമോതിരം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്. പതിനായിരത്തിലേറെ തീരെ ചെറിയ രത്നങ്ങള്‍ ചേര്‍ത്തു വെച്ചാണ് ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് പാളികളായുളള ജമന്തിപൂവിന്റെ ആകൃതിയുളള ഈ മോതിരത്തിന്റെ ഡിസൈന്‍ വളരെ പ്രത്യേകത നിറഞ്ഞതാണ്.
12,638 ചെറിയ രത്നങ്ങള്‍ ചേര്‍ത്താണ് പൂവിന്റെ ആകൃതിയിലുളള ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. മാരിഗോള്‍ഡ് എന്നാണ് ഈ മോതിരത്തിന് പേരിട്ടിരിക്കുന്നത്. മുന്‍പ് ഏറ്റവുമധികം രത്നങ്ങളുളള മോതിരവും ഇന്ത്യയില്‍ നിന്നായിരുന്നു. 7801 ചെറിയ രത്നങ്ങളായിരുന്നു ഈ മോതിരം നിര്‍മ്മിക്കാനായി ഉപയോഗിച്ചിരുന്നത്. ഈ റെക്കോര്‍ഡിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് പുതിയ മോതിരം.
എന്നാല്‍ മാരിഗോള്‍ഡ് എന്ന ഈ മോതിരം വില്ക്കാന് തനിക്ക് ഇഷ്ടമില്ലെന്നാണ് ഈ മോതിരം നിര്‍മ്മിച്ച ഹര്‍ഷിത് ബന്‍സല്‍ പറയുന്നത്. '' എന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ മോതിരത്തിന്റെ നിര്‍മ്മാണം. രണ്ട് വര്‍ഷം മുന്‍പ് ജ്വല്ലറി ഡിസൈനിംഗ് പഠിക്കുമ്പോള്‍ തനിക്ക് തോന്നിയ ആശയമാണ് ഈ മോതിരം. എട്ട് പാളികളായുളള ജമന്തിപൂവിന്റെ ആകൃതിയുളള ഈ മോതിരത്തിന്റെ ഡിസൈന്‍ വളരെയധികം പ്രത്യേകതയുളളതാണ്. നിരവധി പേര് മോതിരം വാങ്ങാനായി തന്നെ സമീപിച്ചിരുന്നു '' - ബന്‍സല്‍ പറയുന്നു.






