
വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടർ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് പിയാജിയോ ഇന്ത്യ സിഇഓയും മാനേജിങ് ഡയറക്ടറുമായ ഡീഗോ ഗ്രാഫിയ. ഇലട്രിക്ക എന്നാണ് വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടർ അറിയപ്പെടുന്നത്. വെസ്പ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആയി ഇലട്രിക്കയെ 2017-ലാണ് അവതരിപ്പിച്ചത്.
ഇലട്രിക്ക 2018ൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം 2020 ഓട്ടോ എക്സ്പോയിലും അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം ഇലട്രിക്ക അടിസ്ഥാനമാക്കി ഒരു 'മെയ്ഡ്-ഫോർ-ഇന്ത്യ' ഇലക്ട്രിക്ക് സ്കൂട്ടറാണ് വെസ്പ ഒരുക്കുന്നത്. ക്ലാസിക് ഡിസൈൻ തന്നെയാണ് പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടറിനുമുണ്ടാവുക.
ഇന്ത്യയ്ക്കായുള്ള മോഡലിലും വെസ്പ ഇലട്രിക്ക മോഡലിലെ ലിഥിയം അയൺ ബാറ്ററി പായ്ക്ക് തന്നെ ലഭിച്ചേക്കും. ഇലട്രിക്കയിലെ 4.2 kWh ഇലക്ട്രിക് എൻജിൻ 5.4 ബിഎച്ച്പി പവറും 20 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ മോഡലിൽ പക്ഷെ ഈ ഔട്പുട്ടുകളിൽ വ്യത്യാസമുണ്ടായേക്കും. റിപ്പോർട്ട് അനുസരിച്ച് കുറഞ്ഞത് 100 കിലോമീറ്റർ റേഞ്ച് എങ്കിലും വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടറിനുണ്ടാവും.
ഇലട്രിക്കയിലെ കൈനെറ്റിക് എനർജി റിക്കവറി സിസ്റ്റം ഇന്ത്യൻ പതിപ്പോൾ ലഭിച്ചേക്കില്ല. ഇലട്രിക്കയുടെ ബാറ്ററി പൂർണമായും ചാർജ് ആവാൻ 4 മണിക്കൂർ വേണം. ഇന്ത്യക്കുള്ള വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടറിൽ റൈഡ്-ബൈ-വയർ, രണ്ട് റൈഡിംഗ് മോഡുകൾ (ഇക്കോ, പവർ), 4.3 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, സ്മാർട്ട്ഫോണിനെ വാഹനവുമായി ബന്ധിപ്പിക്കുന്ന വെസ്പ മൾട്ടിമീഡിയ പ്ലാറ്റ്ഫോം തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായേക്കും. ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടർ ആയിരിക്കും ഇന്ത്യയിൽ പ്രധാന എതിരാളി.






