
എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ഇരട്ടകളെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് പിയാജിയോ എന്ന് പിയാജിയോ ഇന്ത്യ സിഇഓയും മാനേജിങ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി. അടുത്ത വർഷം പകുതിയോടെയാണ് എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ഇരട്ടകൾ എത്തുന്നത്.
റിപ്പോർട്ട് പ്രകാരം പുതിയ എപ്രിലിയ ബൈക്കുകൾ 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് വില്പനക്കെത്തുന്നത്. എപ്രിലിയ ആർഎസ് 660 ഫുൾ-ഫെയേർഡ് ബൈക്ക് ആണ്. ഇരട്ട ഫുൾ എൽഇഡി ഹെഡ്ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ വശം എന്നിവ എപ്രിലിയ ആർഎസ് 660-യ്ക്ക് ലഭിക്കും. സെമി-ഫെയറിങ്ങുള്ള മോഡൽ ആണ് എപ്രിലിയ റ്റ്യൂണോ 660.
ഇരു ബൈക്കുകൾക്കും 270 ഡിഗ്രി ഫയറിംഗ് ഓർഡറുള്ള 659 സിസി, ലിക്വിഡ്-കൂൾഡ് എൻജിനാണ് ലഭിക്കുന്നത്. ഈ എൻജിൻ 10,500 ആർപിഎമ്മിൽ 100 ബിഎച്ച്പി പവറും 8,500 ആർപിഎമ്മിൽ 67 എൻഎം പീക്ക് ടോർക്കും നിർമ്മിക്കും. ക്രമീകരിക്കാവുന്ന വീലി കണ്ട്രോൾ, മൂന്ന്-ലെവൽ കോർണേറിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, 6-ആക്സിസ് ഐഎംയു. എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660-യിൽ അപ്പ് / ഡൗൺ ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും നൽകിയേക്കും. എപ്രിലിയ ആർഎസ് 660-യുടെ എതിരാളികൾ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ, കാവസാക്കി നിഞ്ജ 650, ഉടൻ വില്പനക്കെത്തുന്ന ഹോണ്ട സിബി650ആർ എന്നിവയാണ്. 2021 ൽ തന്നെ വിപണിയിലെത്തുന്ന ട്രയംഫ് ട്രൈഡന്റ് 660 ആവും റ്റ്യൂണോ 660-യുടെ എതിരാളി.






