
ന്യുഡല്‍ഹി: വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച കേസില്‍ പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഡി.ജി.പിയേയും ആലുവ റൂറല്‍ എസ്.പിയേയും നേരിട്ട് ഫോണില്‍ വിളിച്ചാണ് കേന്ദ്രമന്ത്രി പ്രതിഷേധം അറിയിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ മന്‍സൂര്‍ ആണ് വിഷയം മനേക ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ വലിയ ജാഗ്രത കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
മുന്‍പ് മലപ്പുറത്ത് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ഭക്ഷണത്തില്‍ പന്നിപ്പടക്കം വച്ചുനല്കുകയും പടക്കംപൊട്ടി വായില്‍ ഗുരുതരമായി പരിക്കേറ്റ ആന ചെരിയുകയും ചെയ്ത സംഭവത്തിലും കര്‍ശന നടപടി വേണമെന്ന് മനേക ഗാന്ധി ഇടപെട്ടിലിരുന്നു.
വളര്‍ത്തുനായയെ ഇന്നലെയാണ് ഉടമയായ കുന്നുകര സ്വദേശി യൂസഫ് കഴുത്തില്‍ കയറ് കെട്ടി കാറില്‍ കെട്ടിവലിച്ചുകൊണ്ടുപോയത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ വൈകിട്ട് ഇയാളെ ചെങ്ങമനാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ കാര്‍ മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം വകുപ്പ് 11 എ,ബി പ്രകാരവും ഐ.പി.സി 428 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.






