
ന്യൂഡല്‍ഹി; ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നിര്‍ബന്ധിത കുമ്പസാരം നിയമ വിരുദ്ധമാണെന്നും ഇത് വൈദികര്‍ ചൂഷണചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് തിങ്കളാഴ് ഹര്‍ജി പരിഗണിക്കുക.
ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സഭാംഗങ്ങളായ മാത്യു ടി. മാത്തന്, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജിയുമായി കോടതിയെ സമര്‍പ്പിച്ചിരിക്കുന്നത്. കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളേയും പുരുഷന്മാരേയും പീഡിപ്പിക്കുന്നെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഇവര്‍ പറയുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമെ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ഉള്‍പ്പടെയുള്ളവരേയും ഹര്‍ജിയില്‍ എതിര്ക്കക്ഷികളാക്കിയിട്ടുണ്ട്. ഇതേ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.






