
ബജാജ് ഓട്ടോയ്ക്ക് പങ്കാളിത്തമുള്ള ഓസ്ട്രിയൻ ബൈക്ക് ബ്രാൻഡ് കെടിഎം തങ്ങളുടെ ആർസി 125, 390 ബൈക്കുകളുടെയും വില വർദ്ധിപ്പിച്ചു. ബിഎസ്6 എഞ്ചിനോടെ എത്തിയ പുത്തൻ ആർസി 125 മോഡലിന് മെയിൽ 4,352 രൂപ വർദ്ധിപ്പിച്ചു. പുതിയ എക്സ്-ഷോറൂം വില 1,59,629 രൂപയായിരുന്നു. ഇപ്പോൾ വീണ്ടും 1,280 രൂപ കൂടി. പുതിയ എക്സ്-ഷോറൂം വില 1,61,101 ആണ്.
ആർസി 390 യുടെ വില 3,539 രൂപയാണ് കൂടിയത്. മെയിൽ 5,109 രൂപ കൂട്ടിയിരുന്നു. ഇപ്പോൾ കെടിഎം ആർസി 390 സ്വന്തമാക്കാൻ 2,56,920 രൂപ നൽകണം. ആർസി 390-ലെ ബിഎസ് 6 373.3 സിസി സിംഗിൾ സിലിണ്ടർ എൻജിന് 9,000 ആർപിഎമ്മിൽ 43.5 എച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 36 എൻഎം ടോർക്കും നിർമിക്കുന്നു. 14.5 ബിഎച്ച്പി പവറും 12 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പരിഷ്കരിച്ച 199 സിസി, സിംഗിൾ-സിലിണ്ടർ എൻജിൻ ആണ് 2020 ആർസി 125-യിൽ.
ആർസി ശ്രേണിയിൽ കെടിഎം പുതിയ കളർ കോമ്പിനേഷനുകൾ സെപ്റ്റംബറിൽ അവതരിപ്പിച്ചിരുന്നു. കെടിഎം ആർസി 125-ന് ഡാർക്ക് ഗാൽവനോ എന്ന് പേരുള്ള നിറമാണ് പുതുതായി അവതരിപ്പിച്ചത്. മെറ്റാലിക് സിൽവർ എന്ന പുതിയ നിറമാണ് സെപ്റ്റംബറിൽ ആർസി 390 ശ്രേണിയ്ക്ക് ലഭിച്ചത്. പേര് സൂചിപ്പിക്കുംപോലെ തന്നെ സിൽവർ നിറമാണ് പ്രത്യേകത. ഫെയറിങ്ങിനും പെട്രോൾ ടാങ്കിനും സിൽവർ, ഫ്രയിമിനും റെയിൽ പീസിനും അലോയ് വീലിനും ഓറഞ്ച്, മുൻ മഡ്ഗാർഡ് ഫെയറിങ്ങിന്റെ താഴ്ഭാഗത്ത് കറുപ്പ് എന്നിവ ചേർന്നതാണ് പുത്തൻ കളർ കോമ്പിനേഷൻ. കെടിഎം ആർസി 390 കറുപ്പ്/വെളുപ്പ് നിറങ്ങളുടെ കോമ്പിനേഷനോടൊപ്പം ഓറഞ്ച് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിം, കറുപ്പ് അലോയ് വീൽ ചേർന്ന കളർ കോമ്പിനേഷനിലും ലഭ്യമാണ്.






