
പിയാജിയോ ഗ്രൂപ്പിന്റെ കീഴിലെ എപ്രീലിയ ബ്രാൻഡ് എസ്എക്സ്ആർ 160 മാക്സി-സ്കൂട്ടർ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. ഇപ്പോൾ പുത്തൻ മാക്സി സ്കൂട്ടറിനായുള്ള ബുക്കിങ് പിയാജിയോ ആരംഭിച്ചു. കമ്പനി വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പുകളിൽ നേരിട്ട് ചെന്നോ 5,000 രൂപ ടോക്കൺ തുക അടച്ച് എപ്രീലിയ എസ്എക്സ്ആർ 160 ബുക്ക് ചെയ്യാം. ഓഗസ്റ്റിൽ ബുക്കിങ് ആരംഭിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്.
മാക്സി സ്കൂട്ടറുകളിൽ കാണുന്ന വലിപ്പമേറിയ മുൻ എപ്രൺ, നീളവും വണ്ണവുമുള്ള സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ, നീളം കൂടിയ വിൻഡ് സ്ക്രീൻ, എൽഇഡി ഹെഡ് ലാംപ് എന്നിവയാണ് എസ്എക്സ്ആർ 160-ന്റെയും ഫീച്ചറുകൾ. ഇറ്റലിയിൽ നിർമിച്ച മാക്സി സ്കൂട്ടർ എന്ന പരിവേഷവുമായാണ് എപ്രീലിയ എസ്എക്സ്ആർ 160-യുടെ ഇന്ത്യയിലേക്കുള്ള വരവ്.
7 ലിറ്ററിന്റെ പെട്രോൾ ടാങ്കും എപ്രീലിയ എസ്എക്സ്ആർ 160-യ്ക്കുണ്ടാകും. എപ്രീലിയയുടെ സ്പോർട്സ് സ്കൂട്ടർ മോഡലായ എസ്ആർ 160-യെ ചലിപ്പിക്കുന്ന 10.8 ബിഎച്ച്പി പവർ നിർമിക്കുന്ന 160 സിസി, ട്രിപ്പിൾ വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് എസ്എക്സ്ആർ 160ലും ഉള്ളത്. 220 എംഎം ഡിസ്ക് മുൻപിലും 140 എംഎം ഡ്രം പുറകിലും ബ്രെയ്ക്ക് ഉറപ്പാക്കും. സിംഗിൾ ചാനൽ എബിഎസ്സും ലഭിക്കുന്നു. മാക്സി സ്കൂട്ടറിന്റെ ഇരു വശത്തും 12 ഇഞ്ച് ടയറുകളാണ്. മാറ്റ് ബ്ലൂ, ഗ്ലോസ് റെഡ്, ഗ്ലോസ് വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ 4 നിറങ്ങളിൽ എപ്രീലിയ എസ്എക്സ്ആർ 160 എത്തിയേക്കും.






