
ഹാരിയറിന് പെട്രോള്‍ എഞ്ചിന് നൽകാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോര്‍ട്ട്. ഹാരിയറിന്റെ പെട്രോള്‍ മോഡലിന് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ലഭിക്കുക. നെക്സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിന്റെ നാല് സിലിണ്ടര്‍ പതിപ്പായിരിക്കും ഈ എന്‍ജിനെന്നാണ് സൂചന. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകള്ക്കൊപ്പം നല്കുന്ന ഈ എന്ജിന് 150 ബി.എച്ച്.പി. പവര്‍ സൃഷ്ടിക്കുന്നു.
റിപ്പോർട്ട് പ്രകാരം ഹാരിയറിന്റെ പെട്രോള്‍ എന്ജിന് മോഡല്‍ പരീക്ഷണയോട്ടം തുടങ്ങി. ഈ വാഹനം 2021-ന്റെ തുടക്കത്തില്‍ തന്നെ വിപണിയില്‍ എത്തിയേക്കും. കൂടാതെ, ഹാരിയറിന്റെ ഹൈബ്രിഡ് മോഡലും ഭാവിയില്‍ വിപണിയിൽ വന്നേക്കും. ഇതേ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായി എത്തുന്ന ഗ്രാവിറ്റാസ് എന്ന മോഡലിലും ഒരുങ്ങുക.
ടാറ്റ ഹാരിയറിന്റെ പ്രധാന എതിരാളി എം.ജി ഹെക്ടറാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഹെക്ടര്‍ എത്തുമ്പോള്‍ ഹാരിയര്‍ ഡീസല്‍ എന്ജിന് മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. മാത്രമല്ല, ഹെക്ടറിനെക്കാള്‍ വില കൂടുതല്‍ ആയിരുന്നു ഹാരിയറിന്. അതേസമയം, പെട്രോള്‍ മോഡല്‍ വരുന്നതോടെ ഹെക്ടറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഹാരിയര്‍ വിപണിയില്‍ ലഭ്യമാകും. ഹാരിയറിന്റെ ഡിസൈനില്‍ ഈ വര്‍ഷം ആദ്യം ചെറിയ മാറ്റങ്ങൾ കമ്പനി വരുത്തിയിരുന്നു.






