
പ്രശസ്ത ടെന്നിസ് താരം സാനിയ മിർസ പുതിയ ഹ്യുണ്ടായി വെന്യു iMT യിൽ കറങ്ങി നടക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന സാങ്കേതികവിദ്യ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സബ് ഫോർ മീറ്റർ കോംപാക്ട് എസ്യുവി വെന്യുവിൽ അടുത്തിടെ ആണ് അവതരിപ്പിച്ചത്.
ലളിതമായ വാക്കുകളിൽ പറഞ്ഞാൽ ക്ലച്ച് ലെസ് മാനുവൽ ട്രാൻസ്മിഷനാണ് iMT. വീഡിയോ മുഴുവനും പുതിയ iMT ട്രാൻസ്മിഷനെക്കുറിച്ചുള്ളതാണ്. സാനിയ മിർസ വാഹനം ഓടിക്കുന്ന വീഡിയോ ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ഹ്യുണ്ടായി വെന്യു കഴിഞ്ഞ വർഷമാണ് വിപണിയിൽ അവതരിപ്പിച്ചത്.
ഈ പുതിയ സാങ്കേതികവിദ്യ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സൗകര്യത്തോടെ ഗിയറുകൾ സ്വമേധയാ മാറ്റാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് നൽകുന്നു. ഡ്രൈവർ ഗിയർ ലിവർ മാർജിനിലൂടെ നീക്കുമ്പോൾ സെൻസർ ക്ലച്ചിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും അത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു, വാഹനം ഗിയറിലായിരിക്കുമ്പോൾ ക്ലച്ച് പ്രവർത്തനരഹിതമാക്കുന്നു. വയർലെസ് ഫോൺ ചാർജിംഗ്, പ്രീമിയം ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.






