
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവിന്റെ ലൈഫ്സ്റ്റൈല്‍ പിക്ക്-അപ്പ് ട്രക്കായ ഡി-മാക്സ് പൂര്‍ണ സുരക്ഷിതമാണെന്നും തെളിയിച്ചിരിക്കുകയാണ്. യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഇസുസു ഡി-മാക്സ് സുരക്ഷ ഉറപ്പിച്ചിരിക്കുന്നത്.
ഈ വാഹനം കുട്ടികളുടെ സുരക്ഷയില്‍ 86 ശതമാനവും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 84 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 69 ശതമാനവും മാര്‍ക്ക് നേടി. പിക്ക്-അപ്പ് ട്രക്കിന്റെ മുന്നിലുണ്ടാകുന്ന ആഘാതത്തില്‍ യാത്രക്കാരുടെ കംപാര്‍ട്ട്മെന്റ് വരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇസുസുവിന്റെ 2020 പതിപ്പാണ് ക്രാഷ് ടെസ്റ്റിനായി എത്തിയത്. യൂറോപ്യന്‍ വിപണിയില്‍ ഇസുസു എത്തിച്ചിട്ടുള്ള ഡി-മാക്സിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.
ഡി-മാക്സ് വിദേശ നിരത്തുകളില്‍ മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയിട്ടുള്ളത്. ഇതിലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റമാണ് കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ഈ വാഹനത്തില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം കൂടാതെ, ഡ്രൈവര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ലെയ്ന്‍ സപ്പോര്‍ട്ട് സിസ്റ്റം, ക്യാമറ ബേസ്ഡ് ട്രാഫിക് സൈന്‍ റെക്കഗനീഷന്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. 2019-ല്‍ അവതരിപ്പിച്ച ഈ വാഹനം 2020-ന്റെ തുടക്കത്തിലാണ് ഏതാനും ഏഷ്യന്‍ വിപണികളില്‍ എത്തിയത്.






