
ബ്രിട്ടീഷ് എസ്യുവി നിർമ്മാതാക്കളായ ലാൻഡ് റോവർ ഒക്ടോബറിലാണ് ഡിഫൻഡറിനെ ഇന്ത്യയിലെത്തിച്ചത്. 2.0-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമാണ് പുത്തൻ ഡിഫൻഡർ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഉടൻ തന്നെ എസ്യുവിയുടെ ഹൈബ്രിഡ് വകഭേദവും വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഹൈബ്രിഡ് പതിപ്പിന്റെ പേര് ഡിഫൻഡർ P400e എന്നാണ്. ലാൻഡ് റോവർ ഇന്ത്യ ഡിഫൻഡർ P400e-നായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത വർഷമാണ് ഡെലിവറി ആരംഭിക്കുക. റിപ്പോർട്ട് പ്രകാരം ഡിഫൻഡർ P400e SE, HSE, X-ഡൈനാമിക് HSE, X എന്നിങ്ങനെ നാല് വേരിയന്റുകളിൽ 110 (അഞ്ച് ഡോർ) പതിപ്പിൽ മാത്രമേ ഇന്ത്യൻ വിപണിയിലെത്തൂ.
2.0-ലിറ്റർ പെട്രോൾ എഞ്ചിന് 292 ബിഎച്പി പരമാവധി കരുത്തും 400 എൻഎം ടോർക്കും വികസിപ്പിക്കുന്നു. ഇതിനൊപ്പം 105 kW ഇലക്ട്രിക്ക് മോട്ടോർ ഡിഫൻഡർ P400e-യിലുണ്ട്. 19.2 kWh ലിഥിയം-അയൺ ബാറ്ററിയിൽ നിന്നും ഊർജം സ്വീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മോട്ടോർ കൂടെ ചേരുമ്പോൾ ഡിഫൻഡർ P400e-യുടെ ഔട്പുട്ട് 386 ബിഎച്പിയും 640 എൻഎമ്മും ആണ്. ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഹൈബ്രിഡ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. 5.6 സെക്കന്റിൽ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഡിഫൻഡർ P400e-യ്ക്ക് സാധിക്കുമെന്നാണ് സൂചന.






