
വൈഫൈ കോളിംഗ് സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ വീ (വൊഡാഫോൺ ഐഡിയ). ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് വീ വൈഫൈ കോളിംഗ് സേവനം ലഭ്യമാവുക എന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വീ വൈഫൈ കോളിംഗ് സേവനത്തിന്റെ പരീക്ഷണത്തിലാണ്. തുടക്കത്തിൽ ഈ സേവനം മഹാരാഷ്ട്രയും ഗോവയും ചേർന്ന സർക്കിളിലും കൊൽക്കത്ത സർക്കിളിലും ആണ് ലഭ്യമാവുക. ട്വിറ്ററിലെ ഉപയോക്തൃ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് വൈ-ഫൈ കോളിംഗ് ആരംഭിച്ചതായി വീ സ്ഥിരീകരിച്ചതെന്ന് ടെലികോം ടോക്കിന്റെ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 14 മുതൽ വീയുടെ വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്.
ഈ പദ്ധതി പ്രകാരം നെറ്റ്വർക്ക് സിഗ്നലുകൾ അത്ര ശക്തമല്ലാത്ത ഇടങ്ങളിൽ ഉപയോക്താക്കൾക്ക് വൈഫൈ കോളിംഗിലേക്ക് മാറാൻ കഴിയും. വൈഫൈ വഴി വോയ്സ് കോളിംഗിനായി സ്മാർട്ട്ഫോണിൽ ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം വീ 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പുറത്തിറക്കി.ഇപ്പോൾ പുതിയ പ്ലാനുകൾ ഗുജറാത്തിലും മഹാരാഷ്ട്ര, ഗോവ സർക്കിളുകൾക്കുമായുള്ള മൈവി.ഇൻ സൈറ്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.






