
അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാളത്തിന്റെ പ്രിയ നടി ആണ് രജിഷ വിജയൻ. കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് മോളിവുഡിലെ ഈ സൂപ്പർ താരം.
സെൽറ്റോസ് വിപണിയിലെത്തി ഒരു വർഷം തികഞ്ഞപ്പോൾ കിയ അവതരിപ്പിച്ച സെൽറ്റോസ് ആനിവേഴ്സറി എഡിഷനാണ് രജിഷ വാങ്ങിയത്. കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള സെൽറ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയനും കുടുംബവും ഏറ്റുവാങ്ങിയത്.
സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ 1.5-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. മാന്വൽ ട്രാൻസ്മിഷനാണ് ഇരു എഞ്ചിനുകൾക്കൊപ്പവും ലഭിക്കുക. കൂടാതെ പെട്രോൾ + ഓട്ടോമാറ്റിക് കോമ്പിനേഷനിലും സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ ലഭ്യമാണ്. ഡയമണ്ട് സ്റ്റൈലിലുള്ള കറുപ്പ് ലെതർ അപ്ഹോൾസ്റ്ററിയും ആനിവേഴ്സറി എഡിഷന്റെ പ്രത്യേകതയാണ്.
സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ കിയ മോട്ടോർസ് അവതരിപ്പിച്ച സെൽറ്റോസ് എക്സ്-ലൈൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. അറോറ ബ്ലാക്ക് പേൾ എന്ന സിംഗിൾ ടോൺ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ/അറോറ ബ്ലാക്ക് പേൾ, സ്റ്റീൽ സിൽവർ/അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 3 ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ ലഭ്യമാവുക.






