
2021 ജനുവരി 23-ന് ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഡീലർമാർ പുതിയ മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നും സൂചനയുണ്ട്. പുതിയ കോമ്പസിനെ ഗ്വാങ്ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു. പുതിയ ഫ്രണ്ട് ബമ്പർ, സ്ലിമ്മർ ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്യുവി എത്തുന്നത്.
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വർധിച്ചിട്ടുണ്ട്. വീൽബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്സ്ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം ക്രോമിൽ പൂർത്തിയാക്കിയ സെവൻ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോൺ അലക്സാ പിന്തുണ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ് വാഹനത്തിന്റെ അകത്തളത്തിൽ ലഭിക്കുന്നുണ്ട്.
പുതിയ 3 സ്പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്യുവിക്ക് ലഭിച്ചേക്കും. കോമ്പസ് ഫെയ്സ്ലിഫ്റ്റ് പഴയ എഞ്ചിനുകൾ നിലനിർതിയേക്കും. 170 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ, 161 bhp പവറും 250 Nm ടോർക്കും നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് ലഭിക്കുക. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതിയ കോമ്പസിൽ ജീപ്പ് നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.






