
മഹീന്ദ്ര & മഹീന്ദ്ര ജൂലായിൽ മോജോയുടെ ബിഎസ്6 പതിപ്പ് വില്പനക്കെത്തിച്ചിരുന്നു. ഇപ്പോൾ ഇതാ ബൈക്കിന് പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. റിപ്പോർട്ട് പ്രകാരം ഈ മാസം 31 വരെ പുതുതായി മോജോ വാങ്ങുമ്പോൾ 4901 രൂപ വിലയുള്ള ബ്രാൻഡഡ് ഹെൽമെറ്റ് സൗജന്യമായി ലഭിക്കും. ഷീറോ ബ്രാൻഡിന്റെ ഫുൾ ഫേസ് ഹെൽമെറ്റ് ആണ് ലഭിക്കുക എന്നാണ് സൂചന.
ഇതോടൊപ്പം റഫറൽ പ്രോഗ്രാമും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഹീന്ദ്രയുടെ റൈഡർ കൂട്ടായ്മയായ മോജോട്രൈബിലേക്ക് ഒരാളെ ക്ഷണിക്കാൻ (ബഡി പെയർ) സാധിക്കും. നിങ്ങൾ ക്ഷണിച്ച വ്യക്തി പിന്നീട് മഹീന്ദ്ര മോജോ വാങ്ങുകയാണെങ്കിൽ 2350 രൂപ വിലയുള്ള മോജോ ബ്രാൻഡഡ് റൈഡിങ് ഗ്ലൗസ് നിങ്ങൾക്ക് സമ്മാനമായി ലഭിക്കും. ഇതും ഈ മാസം 31 വരെയുള്ള ഓഫറാണ്.
1,99,900 രൂപയാണ് മോജോ ബിഎസ്6-ന്റെ എക്സ്-ഷോറൂം വില. ഗാർനറ്റ് ബ്ലാക്ക്, റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേൾ എന്നിങ്ങനെ 4 പുത്തൻ നിറങ്ങളിലാണ് 2020 മഹീന്ദ്ര മോജോ ബിഎസ്6 വാങ്ങാൻ സാധിക്കും. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ട്വിൻ ഹാലൊജൻ ഹെഡ് ലൈറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ പുത്തൻ മോജോയിലും തുടരുന്നു. 295 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് ലിക്വിഡ് കൂൾഡ് എൻജിൻ പരിഷ്കാരങ്ങളോടെ പുത്തൻ മോജോയിൽ എത്തിയിരിക്കുന്നു. ഈ എൻജിൻ 7,500 അർപിഎമ്മിൽ 26 ബിഎച്പി പവറും 5,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ആണ് നിർമിക്കുന്നത്. എൻജിൻ 6-സ്പീഡ് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.






