
ബോളിവുഡ് സൂപ്പർ താരം ആരാധകരുടെ സ്വന്തം ബിഗ് ബി, അമിതാഭ് ബച്ചന്റെ ഗ്യാരേജിലേക്ക് ടൊയോട്ടയുടെ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പും എത്തി. വി-ക്ലാസ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലെക്സസ് എല്‍.എക്സ്570, മെഴ്സിഡീസ് ബെന്‍സ് എസ്-ക്ലാസ്, ബെന്റ്ലി കോണ്ടിനെന്റല് ജി.ടി, പോര്‍ഷെ കയേന്‍ തുടങ്ങിയ ആഡംബര വാഹനങ്ങളുടെ നീണ്ട നിരയുള്ള ബിഗ് ബിയുടെ ഗ്യാരേജിലേക്കാണ് ഇന്നോവ ക്രിസ്റ്റയും എത്തിയത്.
ക്രിസ്റ്റയുടെ ഏത് വേരിയന്റാണ് അദ്ദേഹം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. കഴിഞ്ഞ ദിവസമാണ് ടൊയോട്ട ഡീലര്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ അമിതാഭ് ബച്ചന് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയത്.
ഇന്നോവ ക്രിസ്റ്റ 2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്ജിന് 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്ജിന് 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന്. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്.






