ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ടൈഗൂണ്‍ എത്തിക്കാനുള്ള നീക്കത്തിലാണ്. ഈ മോഡലിന്റെ ടീസര്‍ ഇപ്പോൾ ഫോക്സ്വാഗണിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ടീസറിൽ മോഡലിന്റെ ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്. ഈ വാഹനം ഒരുങ്ങന്നത് ഫോക്സ്വാഗണ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്ഫോമിലാണ്. ടൈഗൂണിന്റെ ഡിസൈന്‍ ശൈലി ഫോക്സ്വാഗണ് എസ്.യു.വി മോഡലായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്തതാണ്.
സ്കോഡയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ വിഷന്‍-ഇന്നില്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും ടൈഗൂണിലും നല്‍കുകയെന്നാണ് റിപ്പോർട്ട്. വിഷന്‍-ഇന്നിന് കരുത്തേകുക 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 148 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചായിരിക്കും ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത് മസ്കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ്.
ക്രോം ആവരണമുള്ള ഫോക്സ്വാഗണ് സിഗ്നേച്ചര്‍ ഗ്രില്ലും ഡ്യുവല്‍ ബീം ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും വലിയ എയര്‍ ഡാമും സ്കിഡ് പ്ലേറ്റുമാണ് ടൈഗൂണിന് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോൾ, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ ഒരുങ്ങുക.






