
തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസ്സാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കാന്‍ രാജ്ഭവനില്‍ എത്തിയിരിക്കുകയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ ആയിരുന്നു സന്ദര്‍ശനമെങ്കിലും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിലുള്ള അതൃപ്തി അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. എന്നാല്‍ അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്പീക്കറെയും അറിയിച്ചു.
കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യകത ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികളിലേക്കു കടക്കുകയാണ് സര്‍ക്കാര്‍. സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ തീരുമാനം. എന്നാല്‍ നയപരമായി ഗവര്‍ണറെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഭരണപക്ഷം.






