
നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കാനുള്ള കോടതിയുത്തരവുപ്രകാരം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്.
ഇക്കഴിഞ്ഞ 22നാണ് സംഭവം. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന് ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാൾ ലൈറ്റർ കത്തിച്ചപ്പോൾ ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.
ഇയാൾക്ക് 70 ശതമാനം പൊള്ളലേൽക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജൻ മരണപ്പെട്ടത്. പോലീസ് തട്ടി മാറ്റാൻ ശ്രമിച്ചതുകൊണ്ടാണ് തീ പടർന്നതെന്നു രാജൻ പറഞ്ഞു. രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പോലീസിനുനേരെയുള്ള രാജന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.






