
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് 2020 ജനുവരിയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ അവതരിപ്പിച്ചത്. ഈ മോഡലിന്റെ പെട്രോള്‍ എന്ജിന് പതിപ്പിന്റെ നിരവധി പരീക്ഷണയോട്ട ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. മോട്ടോര്‍ ഒക്ടേന്‍ റിപ്പോര്‍ട്ട് അനുസരിച്ചു ഇപ്പോൾ വീണ്ടും പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
വാഹനത്തിന്റെ പരീക്ഷണയോട്ടം പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇലക്ട്രിക് മോഡലിന് സമാനമായി രൂപകല്‍പ്പന ആണ് ഇതിനും. റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന, 10 സ്പോക്ക് അലോയ് വീലുകള്‍, സൈഡ് ഒആര്‍വിഎമ്മുകള്‍ എന്നിവ ചിത്രങ്ങളില്‍ വ്യക്തമാണ്. 2021-ഓടെ വാഹനത്തെ വിപണിയില്‍ എത്തിയേക്കും. മുമ്പ് പുറത്തുവന്ന ചിത്രങ്ങളില്‍ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു.
കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ആഗോള വിപണികളിലെപോലെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും ഈ വാഹനത്തിനും എന്നാണ് റിപ്പോർട്ട്. 1.5 ലിറ്റര്‍ എന്ജിന് 118 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ എന്ജിന് 160 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കും നൽകും. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി.
ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ സംവിധാനങ്ങളാണ്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ ലഭിച്ചേക്കും.






