
2021 ജനുവരി ഏഴിന് ജീപ്പ് പുതിയ കോമ്പസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു ടീസർ ചിത്രം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മോഡലിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. റിപ്പോർട്ട് അനുസരിച്ച് പുതിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ഡീലർമാർ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയിൽ ഹ്യുണ്ടായി ട്യൂസോൺ, സ്കോഡ കരോഖ് എന്നിവ ആയിരിക്കും ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ എതിരാളികൾ.
2017-ലാണ് കോമ്പസ് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. ഇത്തവണ എസ്യുവിയുടെ പ്രധാന മാറ്റങ്ങൾ പുതുക്കിയ ഇന്റീരിയറും പുറംമോടിയുമാകും. ഹണികോമ്പ് പോലുള്ള ഉൾപ്പെടുത്തലുകളുള്ള പുതുക്കിയ സെവൻ സ്ലാറ്റ് ഗ്രിൽ, ട്വീക്ക്ഡ് ഫോക്സ് സ്കിഡ് പ്ലേറ്റുള്ള പുതിയ ഫ്രണ്ട് ബമ്പർ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതുക്കിയ ഹെഡ്ലൈറ്റുകൾ, പുതിയ ഫോഗ് ലൈറ്റ് ഹൗസിംഗ് ഉള്ള വലിയ എയർ ഡാം തുടങ്ങിയ സവിശേഷതകൾ ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റിൽ ഉൾപ്പെടും.
എസ്യുവിക്ക് പുതിയ അലോയ് വീലുകളും ലഭിക്കുന്നു. പുതിയ ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള റസ്റ്റൈൽ ചെയ്ത ഡാഷ്ബോർഡും താഴെയായി സ്ഥാപിച്ചിരിക്കുന്ന പുതിയ എസി വെന്റുകളും HVAC കൺട്രോളുരളും ആയിരിക്കും ഇന്റീരിയറിലെ പ്രധാന മാറ്റം. 173 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാകും കോമ്പസ് ഫെയ്സ്ലിഫ്റ്റിന് ലഭിക്കുക. 163 bhp പവറും 250 Nm ടോർക്കും വികസിപ്പിപ്പിക്കുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ജീപ്പ് കോമ്പസിൽ ലഭ്യമാണ്.






