
തിരുവല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേര് പോലീസ് പിടിയിലായി. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീന്‍(32), സൊഹൈല്‍(21) എന്നിവരാണ്് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു.
പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ ഇവര്‍ തിങ്കളാഴ്ച രാത്രി കാറുമായി എത്തിയിരുന്നു. തിരുവല്ലത്തെത്തിയ ശേഷം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചത് നാട്ടുകാരില്‍ ചിലരില്‍ സംശയമുണ്ടാക്കി. നാട്ടുകാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. തിരുവല്ലം ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം കാറിനെ പിന്തുടര്ന്നു പിടിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഷിഹാബുദീന്‍ ഫേസ് ബുക്കിലൂടെയാണ് യുവതിയെപരിചയപ്പെടുന്നത്. കടത്തിക്കൊണ്ടുപോകുന്നതിനാണ് ഇരുവരും കാറിലെത്തിയതെന്ന് പോലീസ് പറയുന്നു.
തിരുവല്ലം എസ്.ഐ. നിതിന്‍ നളന്, ഗ്രേഡ് എസ്.ഐ.മാരായ വേണു, അരുണ്‍ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.






