
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മറാസോയ്ക്ക് പെട്രോള്‍ എഞ്ചിൻ നൽകാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. 2018-ലാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര എംപിവി ശ്രേണിയിലേക്ക് മറാസോയെ വിപണിയില്‍ എത്തിക്കുന്നത്. ആദ്യം ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. പിന്നീട് ബിഎസ് VI-ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി പുറത്തിറക്കി.
നവീകരിച്ച് വിപണിയില്‍ എത്തിയ മോഡലിന്റെ എക്സ്ഷോറൂം വില 11.25 ലക്ഷം രൂപയാണ്. നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത് ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന് 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.
ഇനി പെട്രോള്‍ എഞ്ചിന് കൂടി വിപണയിൽ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര എന്നാണ് റിപ്പോർട്ട്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എംസ്റ്റാലിന്‍ കുടുംബത്തിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020 ഓട്ടോ എക്സ്പോയിലാണ് ഈ എഞ്ചിന് മഹീന്ദ്ര അവതരിപ്പിച്ചത്. ഈ എഞ്ചിന് 162 bhp കരുത്തും 280 Nm ടോർക്കും സൃഷ്ടിക്കും. പുതിയ പതിപ്പ് M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ആണ് വിപണിയില്‍ എത്തുന്നത്.






