
കോഴിക്കോട് : മോഷണം പോയ അച്ഛന്റെ ബൈക്ക് നഗരത്തിലൂടെ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടു കള്ളന്മാരെ പിന്തുടർന്നു പിടികൂടി മകൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അരക്കിണർ സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. തുടർന്ന് അന്വേഷണം നടത്തി വരികയായിരുന്നു.
ബൈക്കുമായി പോകുന്ന യുവാക്കളെ തടഞ്ഞു നിർത്തി പോലീസിനെ വിളിച്ചു വരുത്തി. ഉടൻ ടൗൺ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് 2 ബൈക്കുകളിലായെത്തിയ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 4 പേർ പൊലീസിന്റെ പിടിയിലുമായി.
പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി വീട്ടിൽ ഫാസിൽ (19), മലപ്പുറം പുളിക്കൽ സിയാംകണ്ടം കിഴക്കയിൽ വീട്ടിൽ അജിത് (19), പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. പാർക്കിങ് സ്ഥലത്തു നിന്ന് ബൈക്ക് മോഷ്ടിക്കുകയാണ് ഇവരുടെ പതിവ് എന്നും അന്വേഷണത്തിൽ തെളിഞ്ഞു.
പിടിയിലായവരിൽ ഫാസിൽ എന്നയാൾ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ്. മാറാട് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയാണ് പിടിയിലായ അജിത്. ഇവർക്കൊപ്പം പിടികൂടിയ പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.







Comments