
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ പദ്ധതി ഒരുങ്ങുന്നു. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികളെയാണ് ക്യാമ്പിൽ പരിഗണിക്കുന്നത്.
നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുക.
സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ www.norkaroots.org വെബ്സൈറ്റിൽ NDPREM ഫീൽഡിൽ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടാതെ പദ്ധതിയെക്കുറിച്ചുള്ള വിവരണം ക്യാമ്പിൽ പങ്കെടുക്കാൻ എത്തുമ്പോൾ സമർപ്പിക്കണം.
രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം. അർഹരായ സംരഭകർക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.






