
കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മിക മന്ദാനയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ബോളിവുഡ് സിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഈ താരസുന്ദരി. ഇപ്പോളിതാ പുതിയ വാഹനത്തിന്റെ ഉടമയായ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് രശ്മിക.
റേഞ്ച് റോവര്‍ സ്പോട്ടാണ് യുവനടി സ്വന്തമാക്കിയ ആഡംബര എസ്.യു.വി. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് രശ്മിക സ്വന്തമാക്കിയത്. എന്നാൽ, ഏത് വേരിയന്റാണെന്ന് വ്യക്തമാക്കിയിട്ടില്ല. റേഞ്ച് റോവര്‍ സ്പോട്ടിന് 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് എക്സ്ഷോറും വില.
രശ്മിക വാഹനം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ ആണ് പങ്കുവെച്ചത്. തന്നെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് നടി പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്നവര്‍ക്ക് നന്ദി. ഇതുവരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. അതുകൊണ്ടാണ് തിരക്കുപിടിച്ചുള്ള യാത്രയിലും ഈ ചിത്രത്തിനായി രണ്ട് മിനിറ്റ് ചിലവഴിക്കുന്നതെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
റേഞ്ച് റോവര്‍ സ്പോട്ട് 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍ വി6, 4.4. ലിറ്റര്‍ വി8 എന്നീ ഡീസല്‍ എന്‍ജിനുകളിലുമാണ് ലഭിക്കുന്നത്. നാല് എന്‍ജിനുകള്‍ക്കൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നൽകിയിരിക്കുന്നത്.






