
ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വി. സഫാരി നിരത്തുകളിലേക്ക് എത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഗ്രാവിറ്റാസ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്തുന്നത്. ഏഴ് സീറ്റര്‍ എസ്.യു.വിയായിരിക്കും ഇത്. വാഹനം റിപ്പബ്ലിക്ക് ദിനത്തില്‍ (ജനുവരി 26) അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
സഫാരി 1998-ലാണ് ആദ്യമായി നിരത്തുകളില്‍ എത്തിയത്. എന്നാൽ, 21 വര്‍ഷം റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിച്ച സഫാരി 2019-ല്‍ വിപണിയിൽ നിന്നും വിടപറഞ്ഞിരുന്നു. ഇപ്പോൾ പുതിയ ഡിസൈനിലും ലുക്കിലും വീണ്ടും വാഹനം എത്താൻ ഒരുങ്ങുന്നു. "ആരാധാകരെയും ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമായിരിക്കും ഇന്ത്യയിലെ പുതുതലമുറ എസ്.യു.വി. സഫാരി നിരത്തുകളില്‍ എത്തുക," ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അറിയിച്ചു.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ചതുമായ ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങുന്നത്. ടാറ്റയുടെ അഞ്ച് സീറ്റര്‍ എസ്.യു.വിയായ ഹാരിയറിന് അടിസ്ഥാനമൊരുക്കും ഇതിന്റെ നിർമാണം. മൂന്ന് നിരകളിലായി ആറ്, ഏഴ് സീറ്റ് വേരിയന്റുകളില്‍ സഫാരിയും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാരിയറിന് കരുത്തേകുന്ന 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ക്രെയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും സഫാരിയിലും പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ട്രാന്സ്മിഷനൊരുക്കും.






