
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ സർക്കാർ ആശുപത്രിയിലെ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.
ഒന്ന് മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എൻസിയുവിൽ ഉണ്ടായിരുന്നത്.
എസ്എൻസിയുവിൽ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ സർജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു.
തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബർ വാർഡ് എന്നിവിടങ്ങളിൽ നിന്ന് രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി.






