
ടാറ്റ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജ്വാഗറിന്റെ ആദ്യ ഇലക്ട്രിക് എസ്യുവി ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക്. ഐ-പെയ്സ് ഇലക്ട്രിക്ക് എസ്യുവിയുടെ ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. റിപ്പോർട്ട് പ്രകാരം പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്യുവിയുടെ ആദ്യ യൂണിറ്റ് മുംബൈയിൽ എത്തി. ഫിറെൻസ് റെഡ് നിറത്തിലുള്ള HSE വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ തന്നെ ഐ-പെയ്സ് എസ്യുവിയുടെ ബുക്കിങ് ജാഗ്വർ ആരംഭിച്ചിരുന്നു. S, SE, HSE എന്നീ മൂന്ന് പതിപ്പുകളിൽ ഇന്ത്യയിൽ വില്പനക്കെത്തും. സാന്റോറിനി ബ്ലാക്ക്, യുലോംഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫ്യൂജി വൈറ്റ്, കാൽഡെറ റെഡ്, ഫിറെൻസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, ഫറല്ലോൺ പേൾ ബ്ലാക്ക്, അരൂബ എന്നീ 12 നിറങ്ങളിൽ ജാഗ്വർ ഐ-പെയ്സ് ലഭ്യമാണ്. 4682 മില്ലീമീറ്റർ നീളവും, 2011 മില്ലീമീറ്റർ വീതിയും, 1566 മില്ലീമീറ്റർ ഉയരവുമുള്ള ഐ-പെയ്സിന് 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 2990 മില്ലിമീറ്റർ വീൽ ബേസുമുണ്ട്.
“ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വർ ഐ-പെയ്സിന്റെ ചിത്രം പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ട്”, ജാഗ്വർ ലാൻറ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറുമായ രോഹിത് സൂരി പറഞ്ഞു. ഐ പേസ് ജാഗ്വറിന്റെ ഇന്ത്യയിലെ വളർച്ചയിൽ നാഴികകല്ലായി മാറുമെന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം അറിയിച്ചത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 4.8 സെക്കന്റ് മാത്രം മതി വാഹനത്തിന്. 90 കിലോവാട്ട് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന കാറിന് 294 കിലോവാട്ട് പവറും 696 എൻഎം ടോർക്കുമുണ്ട്.






