
മുഖം മിനുക്കി 2021 കോമ്പസ് അവതരിപ്പിച്ചു ജീപ്പ് ഇന്ത്യ. ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന് കീഴിൽ പ്രവർത്തിക്കുന്ന ജീപ്പ് 2016-ലാണ് ആദ്യം ഇന്ത്യയിലെത്തിയത്. പിന്നീട് ഇന്ത്യൻ നിർമ്മിത കോമ്പസ്സിനെ 2017-ൽ ജീപ്പ് നിരത്തുകളിൽ എത്തിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയ ജീപ്പ് എത്തുകയാണ്.
റിപ്പോർട്ട് പ്രകാരം പുത്തൻ കോമ്പസ്സിന്റെ വില ഈ മാസം അവസാനമാണ് ജീപ്പ് പ്രഖ്യാപിക്കുക. ഒപ്പം ബുക്കിങ്ങും ആരംഭിക്കും എന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ ഗാങ്ഷൂ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച പരിഷ്കരിച്ച ചൈന-സ്പെക് കോമ്പസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യൻ വിപണിയിൽ എത്തുക. പ്രധാന മാറ്റം കൂടുതൽ ഷാർപ് ആയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് ആണ്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തൻ കോമ്പസ്സിൽ മാറ്റമില്ലാതെ തുടരും, എന്നാൽ ഹണികോംബ് ഇൻസെർട്ടിൽ മാറ്റമുണ്ട്.
എൻജിനും ഗിയർബോക്സിനും മാറ്റങ്ങളുണ്ടാവില്ലെന്നാണ് റിപ്പോർട്ട്.1.4 ലിറ്റർ പെട്രോൾ ആണ് കോമ്പസ്സിന്റെ ഒരു എൻജിൻ. 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിന് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിൻ 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സുകൾ. ഡീസൽ എഞ്ചിനുള്ള 2021 കോമ്പസ് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റമുള്ള പതിപ്പിലും ലഭ്യമാവും.
ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. വേരിയന്റ് അനുസരിച്ച് ഡ്യുവൽ-ടോൺ, പൂർണമായും കറുപ്പ് കോമ്പിനേഷനുകളിൽ 2021 കോമ്പസ്സിന്റെ ഇന്റീരിയർ ലഭ്യമാണ്. പുത്തൻ ഡാഷ്ബോർഡിൽ ശ്രദ്ധേയമായ ഭാഗം പോപ്പ്-അപ്പ് സ്റ്റൈലിൽ ഡാഷ്ബോർഡിന് നടുവിലായി സ്ഥാപിച്ചിരിക്കുന്ന 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ആണ്. ഈ സ്ക്രീൻ ജീപ്പിന്റെ ഏറ്റവും പുതിയ യുകണക്ട് 5 സിസ്റ്റവുമായി കണക്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള മൾട്ടി-ഫങ്ക്ഷണൽ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ മോഡേൺ ടച്ചും നൽകുന്നുണ്ട്. ലെതർ അപ്ഹോൾസ്റ്ററി, വയർലെസ്സ് ഫോൺ ചാർജർ, 360-ഡിഗ്രി കാമറ, പവേർഡ് ടെയിൽ ഗേറ്റ്, മുൻ നിര സെറ്റുകൾക്ക് വെന്റിലേഷൻ 2021 കോമ്പസ്സിലെ പ്രധാനപ്പെട്ട സവിശേഷതകളാണ്.






