
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ടൈഗൂണ്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഫോക്സ്വാഗൺ ഇന്ത്യ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എസ്യുവിയുടെ ചിത്രം പോസ്റ്റ് ചെയ്തു. ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രം എസ്യുവിയെപ്പറ്റി പുതിയ വിവരങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. ഹ്യൂണ്ടായ് ക്രെറ്റയ്ക്കും കിയാ സെൽറ്റോസിനുമുള്ള എതിരാളിയായിയാണ് ഫോക്സ്വാഗൻ ടൈഗൂൺ എത്തുന്നത്. ഈ വർഷം രണ്ടാം പാദത്തിൽ വില്പനക്കെത്തും എന്നാണ് സൂചന.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്യുവിയുടെ കോൺസെപ്റ്റ് മോഡലിനോട് ഏറെക്കുറെ സമാനമാവും വില്പനയ്ക്ക് തയ്യാറാവുന്ന പതിപ്പ് എന്ന് പുതിയ ചിത്രം വ്യക്തമാക്കുന്നു. ഈ വാഹനം ഒരുങ്ങന്നത് ഫോക്സ്വാഗണ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്ഫോമിലാണ്.
ടിഎസ്ഐ കുടുംബത്തിൽ നിന്നുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് ടൈഗൂൺ എസ്യുവിയിൽ ലഭിക്കുക. 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാവും ഗിയർബോക്സ് ഓപ്ഷനുകൾ. ക്രോം ആവരണമുള്ള ഫോക്സ്വാഗണ് സിഗ്നേച്ചര്‍ ഗ്രില്ലും ഡ്യുവല്‍ ബീം ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും വലിയ എയര്‍ ഡാമും സ്കിഡ് പ്ലേറ്റുമാണ് ടൈഗൂണിന് ലഭിക്കുന്നത്.






