
രണ്ടു പതിറ്റാണ്ടായി ഹോണ്ട ആക്ടീവ ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ട്. 2001-ല്‍ വിപണിയില്‍ എത്തിയ ആക്ടീവയുടെ 2.5 കോടി യൂണിറ്റാണ് ഇതിനോടകം നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട പറഞ്ഞു. ഇന്ത്യയില്‍ 2.5 കോടി ഉപയോക്തക്കളെ സ്വന്തമാക്കുന്ന ആദ്യ സ്കൂട്ടര്‍ എന്ന പദവിയും ഹോണ്ട ആക്ടീവ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
102 സി സി എൻജിനുമായിയാണ് ഹോണ്ടയുടെ ആദ്യ സ്കൂട്ടറായി ആക്ടീവ വിപണിയില്‍ എത്തുന്നത്. 2.5 കോടി ഉപയോക്താക്കള്‍ എന്നതിലുപരി 2.5 കോടി കുടുംബങ്ങള്‍ക്ക് യാത്രയൊരുക്കാന്‍ കഴിഞ്ഞെന്നാണ് ഹോണ്ട അഭിപ്രായപ്പെടുന്നത്. ‘ആക്ടീവ’യ്ക്ക് 2005 — 06 ആകുമ്പോഴേക്ക് വിൽപ്പന 10 ലക്ഷം യൂണിറ്റ് തികയ്ക്കാൻ സാധിച്ചു.
ആദ്യ 15 വര്‍ഷത്തിനുള്ളില്‍ ഒരു കോടി വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചു. 2015 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ആക്ടീവയുടെ ഒന്നര കോടി യൂണിറ്റാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 2020 ആക്ടീവ സിക്സ് ജിയിൽ എൻഹാൻസ്ഡ് സ്മാർട് പവർ(ഇ എസ് പി) അടക്കം ഹോണ്ടയ്ക്കു പകർപ്പവകാശമുള്ള 26 പുത്തൻ ആപ്ലിക്കേഷനുകളാണ് ഒരുങ്ങുന്നത്.






