
ഹൈനസ് സി.ബി 350യുടെ വില ഉയര്‍ത്തുമെന്ന് ഹോണ്ട പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടിസ്ഥാന വേരിയന്റായ DLX-ന് 1500 രൂപയും ഉയര്‍ന്ന വേരിയന്റായ DLX Proക്ക് 2500 രൂപയുമാണ് ഉയര്‍ന്നിരിക്കുന്നത്. വില ഉയർന്നതോടെ 1.86 ലക്ഷം മുതല്‍ 1.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350, ബെനേലി ഇംപിരിയാലെ 400 എന്നീ ബൈക്കുകളാണ് സി.ബി 350-യുടെ എതിരാളികള്‍.
ഹൈനസ് സി.ബി.350-ക്ക് മികച്ച സ്വീകാര്യതയാണ് വിപണിയിൽ ലഭിച്ചത്. അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയതായി ഹോണ്ട റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, മികച്ച ബുക്കിങ്ങും ലഭിച്ചെന്നാണ് സൂചന. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്ട്രോള് സിസ്റ്റവും ഈ ബൈക്കില്‍ ലഭ്യമാണ്. ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഇതുവഴി ഉപയോഗിക്കാനാകും. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലെച്ച് ഫീച്ചറും ഇതില്‍ നൽകിയിട്ടുണ്ട്.
350 സി.സി., എയര്‍ കൂള്‍ഡ് 4 സ്ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്റെ ഹൈലൈറ്റ് പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ്. 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. മുന്നില്‍ 310 എം.എമ്മും പിന്നില്‍ 240 എം.എമ്മും ഡിസ്ക് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ്.






