
കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയെ ചൊല്ലിയുള്ള വിഷയത്തിൽ വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന് ലോഗോ മരവിപ്പിച്ചു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിക്കാനാണ് തീരുമാനം.
വിഷയത്തിൽ തീരുമാനം എടുക്കാൻ പുതിയ സമിതിയെ നിയമിച്ചു. നിലവിലുള്ള ലോഗോയെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഈ സമിതി പരിശോധിക്കും.
ലോഗോയെക്കുറിച്ചു പഠനം നടത്താൻ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. വി.മനോജ് എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് നിയമിച്ചത്.
സമിതിയുടെ റിപ്പോർട്ടു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നു സർവകലാശാല അധികൃതർ പറഞ്ഞു.






