
ടിവിഎസ് ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 110 സിസി മോഡലിന്റെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിന് 63,497 രൂപയാണ് എക്സ്ഷോറൂം വില. ഹോണ്ട ആക്ടിവ 6G, ഹീറോ മാസ്ട്രോ എഡ്ജ് 110 എന്നിവയാണ് സെഗ്മെന്റിലെ മറ്റ് എതിരാളികൾ.
എൽഇഡി ഹെഡ്ലാമ്പ്, ഒരു മൊബൈൽ ചാർജിംഗ് പ്രൊവിഷൻ, 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഇരുവശത്തും 12 ഇഞ്ച് വീലുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ജുപ്പിറ്ററിന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. 1097 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്ററിന്റെ ഹൃദയം. ഇത് 7,000 rpm-ൽ പരമാവധി 7.3 bhp പവറും 5,500 rpm-ൽ 8.4 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഗിയർബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. കൂടാതെ, ടിവിഎസ് പേറ്റന്റുള്ള ഇക്കോനോമീറ്ററും ഇക്കോ മോഡ്, പവർ മോഡ് എന്നിവയും എഞ്ചിനിൽ ഒരുങ്ങുന്നു.
എന്നാൽ, വിൽപ്പനയ്ക്കെത്തുന്ന ജുപ്പിറ്ററിന്റെ ശ്രേണിയിലുടനീളം വില വർധനവും കമ്പനി പ്രഖ്യാപിച്ചു. റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 1,645 രൂപ മുതൽ 2,770 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. ഷീറ്റ് മെറ്റൽ വീൽ പതിപ്പിന് നിലവിൽ 63,497 രൂപ ആണ് വില. ജുപ്പിറ്റർ സ്റ്റാൻഡേർഡിന് 65,497 രൂപ, ZX മോഡലിന് 68,247 രൂപ, ZX പതിപ്പിന് 72,347 രൂപ, ക്ലാസിക്കിന് 72,472 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില എന്നാണ് സൂചന.






