
ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വി. സഫാരി റിപ്പബ്ലിക്ക് ദിനത്തില്‍ (ജനുവരി 26) അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ടാറ്റ സഫാരിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ അനൗദ്യോഗികമായി ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. പുതിയ സഫാരി 51,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാം.
ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലായ സഫാരിക്ക് 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ തുടങ്ങിയ നിറങ്ങൾ ലഭിക്കും. പുതിയ ഡിസൈനിലും ലുക്കിലും വീണ്ടും വാഹനം എത്താൻ ഒരുങ്ങുന്നു. സഫാരി 1998-ലാണ് ആദ്യമായി നിരത്തുകളില്‍ എത്തിയത്. എന്നാൽ, 21 വര്‍ഷം റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിച്ച സഫാരി 2019-ല്‍ വിപണിയിൽ നിന്നും വിടപറഞ്ഞിരുന്നു. വരും ആഴ്ചകളിൽ സഫാരിയുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തും. മൂന്ന് നിരകളിലായി ആറ്, ഏഴ് സീറ്റ് വേരിയന്റുകളില്‍ സഫാരിയും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ചതുമായ ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങുന്നത്. ടാറ്റയുടെ അഞ്ച് സീറ്റര്‍ എസ്.യു.വിയായ ഹാരിയറിന് അടിസ്ഥാനമൊരുക്കും ഇതിന്റെ നിർമാണം. ഹാരിയറിന് കരുത്തേകുന്ന 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ക്രെയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും സഫാരിയിലും പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ട്രാന്സ്മിഷനൊരുക്കും.






