
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ അഡ്വഞ്ചർ ബൈക്ക് മോഡൽ ആയ ആഫ്രിക്ക ട്വിന്നിന്റെ 2021 പതിപ്പ് വില്പനക്കെത്തിച്ചു. 2021 ആഫ്രിക്ക ട്വിൻ പ്രീമിയം അഡ്വഞ്ചർ ബൈക്കിന്റെ മാന്വൽ ട്രാൻസ്മിഷൻ പതിപ്പിന് 15.96 ലക്ഷവും ഡിസിടി പതിപ്പിന് 17.50 ലക്ഷവും ആണ് എക്സ്-ഷോറൂം വില. മുൻ മോഡലിനേക്കാൾ 1.40 ലക്ഷം വരെ വില കൂടുതലാണ് 2021 പതിപ്പിന്.
2021 ഹോണ്ട ആഫ്രിക്ക ട്വിന്നിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പ് ശ്രേണിയായ ബിഗ്-വിങ് ടോപ്ലൈൻ മുഖേനയാണ് ബുക്കിംഗ് നടക്കുന്നത്. ഡാർക്നെസ്സ് ബ്ലാക്ക് മെറ്റാലിക് എന്ന നിറത്തിലാണ് പുത്തൻ പതിപ്പിൽ മാന്വൽ മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. എന്നാൽ, ഡിസിടി പതിപ്പ് പേൾ ഗ്ലെയർ വൈറ്റ് ട്രൈകളർ പതിപ്പിലാണ് വാങ്ങാൻ കഴിയുക. നിറങ്ങളിലെ പുതുമ മാറ്റി നിർത്തിയാൽ 2021 ആഫ്രിക്ക ട്വിൻ പതിപ്പും 2020 പതിപ്പും തമ്മിൽ വ്യത്യാസങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്.
ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടർ സ്ലീവ്, റീഡിസൈൻ ചെയ്ത എഞ്ചിൻ കെയ്സിംഗ് എന്നിവ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്. ഹോണ്ട ആഫ്രിക്ക ട്വിന്നിൽ 1,084 സിസിയുള്ള ഡിസ്പ്ലേസ്മെന്റുള്ള 7,500 അർപിഎമ്മിൽ 101 ബിഎച്പി പവറും 6,250 അർപിഎമ്മിൽ 105 എൻഎം ടോർക്കും നിർമിക്കുന്ന എൻജിൻ ആണ് ഉള്ളത്. ഹോണ്ട സെലക്റ്റബിൾ ടോർക്ക് കണ്ട്രോൾ (HSTC), സിക്സ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) എന്നീ ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ ആഫ്രിക്ക ട്വിന്നിൽ ലഭ്യമാണ്. ആപ്പിൾ കാർപ്ലേയ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള പുതിയ ടച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ആണ് മറ്റു ഫീച്ചറുകൾ.






