
കൊച്ചി: വാളയാര്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും. നിലവില്‍ വിധി വന്ന കേസില്‍ തുടരന്വേഷണം നടത്തണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണം. അതിനായി പാലക്കാട് പോക്സോ കോടതിയെ സമീപിക്കണമെന്നും നിയമ വകുപ്പ്.
ന്‍ലു വര്‍ഷം മുന്‍പാണ് പാലക്കാട് വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. കേസന്വേഷണം ആദ്യഘട്ടത്തില്‍ അട്ടിമറിക്കപ്പെടുകയും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ കുടുംബം നിരന്തരമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്. ഇതോടെ കേസ് സി.ബി.ഐ.ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കേസില്പ്രതികളായി ഹാജരാക്കിയ നാലുപ്രതികളെയും പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയാണുണ്ടായത്. എന്നാല്‍ ഈ വിധി ഹൈക്കോടതി റദ്ദാക്കി തുടര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. കേസ് അന്വേഷണം സി.ബി.ഐ.ക്കു നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കില്‍ ആദ്യം വിധി പറഞ്ഞ പോക്സോ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നാണ് നിയമവകുപ്പു പറയുന്നത്.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര സമിതി ഈ മാസം 26 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് രക്ഷിതാക്കളുടെ ഏകദിന സത്യഗ്രഹം നടക്കുകയാണ്. കുടുംബത്തിനൊപ്പം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതെന്നും കുടുംബം പറയുന്നു.






