ഹോണ്ട 2021 HR-V ഔദ്യോഗികമായി മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലിന്റെ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി സംയോജിത ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു.
E, ഹൈബ്രിഡ് i-DCD, V, RS എന്നിങ്ങനെ HR-V -യുടെ നാല് വകഭേദങ്ങൾ മലേഷ്യയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. എൽഇഡി ഫോഗ്ലാമ്പുകൾ, എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ടൈൽലൈറ്റുകൾ എന്നിവയും പുതിയ ലെതർ പൊതിഞ്ഞ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും HR-V ഹൈബ്രിഡിൽ ഉൾപ്പെടുന്നു. ‘ഓർക്കിഡ് വൈറ്റ് പേൾ' പെയിന്റ് ഓപ്ഷൻ കമ്പനി നിർത്തലാക്കി, ഇപ്പോൾ ‘പ്ലാറ്റിനം വൈറ്റ് പേൾ' വാഗ്ദാനം ചെയ്യുന്നു.
പരമാവധി 6,500 rpm -ൽ 142 bhp കരുത്തും, 4,300 rpm -ൽ 172 Nm പരമാവധി ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ള 1.8 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട HR-V -ൽ പ്രവർത്തിക്കുന്നത്. ഈ മോട്ടോർ ഒരു CVT യൂണിറ്റിലേക്ക് ചേർത്തുവെച്ചിരിക്കുന്നു. മാത്രമല്ല വാഹനത്തിന് സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകൾ വാഗ്ദാനം ചെയ്യുന്നു.
പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹോണ്ട ലെയിൻവാച്ച്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ, ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് ECON മോഡ് എന്നിവയും ലഭിച്ചേക്കും. ഈ ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ വേരിയന്റാണ് വാഹനത്തിന്റെ അടിസ്ഥാന ‘V' ട്രിം. കഴിഞ്ഞ വർഷം മലേഷ്യൻ വിപണിയിൽ മൊത്തം HR-V വിൽപ്പനയുടെ 41 ശതമാനവും ഈ വേരിയന്റാണ് സ്വന്തമാക്കിയത്.






